ഇന്ത്യയുടെ അടുത്ത മത്സരത്തിലെ ഏറ്റവും വലിയ ചർച്ചാവിഷയമാകാൻ പോകുന്ന ഒന്നാണ് പ്ലെയിങ് ഇലവൺ. നിലവിൽ രണ്ടു മത്സരങ്ങളിലുമായി ഇന്ത്യ ആകെ 12 പേരെ ടീമിനായി ഇറക്കിയിട്ടുണ്ട്. ആദ്യ മത്സരത്തിൽ വിക്കറ്റ് കീപ്പറായി ദിനേഷ് കാർത്തിക്കിനെ ഇറക്കിയപ്പോൾ റിഷഭ് പന്തിനെ ബഞ്ചിലിരുത്തുകയാണ് ഇന്ത്യ ചെയ്തത്. എന്നാൽ ഹോങ്കോങ്ങിതിരെ ഇന്ത്യ ഇരുവരെയും ഇറക്കി. സൂപ്പർ നാല് മത്സരങ്ങളിൽ ഹർദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തുന്നതിനാൽ ദിനേശ് കാർത്തിക്ക്, റിഷാഭ് പന്ത് എന്നിവരിൽ ഒരാളെ മാത്രമേ ടീമിൽ ഉൾപ്പെടുത്താൻ പറ്റൂ.
ഈ ചർച്ചയിൽ തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ്. റിഷാഭ് പന്തിനെയല്ല, പകരം ദിനേശ് കാർത്തിക്കിനെയാണ് ഇന്ത്യ കളിപ്പിക്കേണ്ടത് എന്ന് ഹോഗ് പറയുന്നു. “ഋഷഭ് പന്ത് നല്ല ക്രിക്കറ്ററാണ്. അയാൾക്ക് ക്രീസ് നന്നായി ഉപയോഗിക്കാനും സ്വീപ് ഷോട്ട് കളിക്കാനും സാധിക്കും. ദിനേശ് കാർത്തിക് സ്വീപ് ഷോട്ടുകൾ മാത്രമാണ് കളിക്കാറുള്ളത്. പക്ഷേ അവസാനഓവറുകളിൽ ഫാസ്റ്റ് ബോളർമാരാണ് കളി നിയന്ത്രിക്കുന്നത്.
അങ്ങനെ വരുമ്പോൾ കാർത്തിക്കിനാവും കാര്യങ്ങൾ എളുപ്പമാക്കുക. അയാൾക്ക് പേസ്ബോളിൽ മൈതാനത്തിന്റെ ഇരുവശങ്ങളിലേക്കും ഷോട്ടുകൾ കളിക്കാൻ സാധിക്കും, ഫ്രണ്ട് ഫുട്ടിലും ബാക്ക് ഫുട്ടിലും. കൂടാതെ റാംപ് ഷോട്ടുകളും വഴങ്ങും.”- ഹോഗ് പറയുന്നു. “അവസാന ഓവറുകളിൽ മത്സരം നിയന്ത്രിക്കുക എന്നത് പ്രയാസകരം തന്നെയാണ്. എന്നാൽ ദിനേശ് കാർത്തിക്കിന് തന്റെ ആദ്യ ബോൾ മുതൽ അടിച്ചുതുടങ്ങാൻ സാധിക്കും.
കാർത്തിക്ക് തന്നെയാണ് ഫിനിഷിങ് റോളിൽ റിഷഭ് പന്തിനേക്കാളും ഉത്തമം.”- ഹോഗ് കൂട്ടിച്ചേർക്കുന്നു. നിലവിൽ ഏഷ്യാകപ്പിലെ ഇന്ത്യയുടെ 2022 സ്‌ക്വാഡിൽ റിഷഭ് പന്തും ദിനേശ് കാർത്തിക്കും അംഗങ്ങളാണ്. ഇവരിൽ ആരെ അടുത്ത മത്സരത്തിൽ കളിപ്പിക്കണമെന്നത് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി തന്നെയാണ്. പാകിസ്ഥാനാണ് ഇന്ത്യയുടെ ആദ്യ സൂപ്പർ4 മത്സരത്തിലെ എതിരാളികളാവാൻ സാധ്യത.