ഏഷ്യാകപ്പിലെ മത്സരങ്ങൾ പുരോഗമിക്കുകയാണ്. പലരുടെയും പ്രകടനങ്ങളുടെ മികവിൽ മുൻ ക്രിക്കറ്റ് താരങ്ങൾ ഇഴകീറി പരിശോധിക്കൽ തുടരുകയാണ്. ഇന്ത്യൻ ടീമിലെ മുൻനിര ബാറ്റർമാരുടെ മോശം ഫോം നേരത്തെതന്നെ പല ക്രിക്കറ്റർമാരും എടുത്തുകാട്ടുകയുണ്ടായി. പലരും കെ എൽ രാഹുലിന്റെ ഫോമില്ലായ്മയും വിരാട് കോഹ്ലിയുടെ ബാറ്റിംഗ് പ്രശ്നങ്ങളുമാണ് പരിശോധിച്ചത്. എന്നാൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ സമീപകാലത്തെ മോശം പ്രകടനങ്ങളെകുറിച്ചാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറയുന്നത്.
തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിലൂടെയാണ് ചോപ്ര രോഹിത്തിന്റെ ബാറ്റിംഗ് പ്രശ്നങ്ങളെക്കുറിച്ച് സൂചിപ്പിച്ചത്. “ഹോങ്കോങ്ങിനെതിരെ ഇന്ത്യയുടെ തുടക്കം വളരെ പതുക്കെയായിരുന്നു. വീണ്ടും രോഹിത് ശർമ ആദ്യമേ കൂടാരം കയറുകയുണ്ടായി. ഇതൊരു നിസ്സാരകാര്യമല്ല. ഈ വർഷം നടന്ന മുഴുവൻ ട്വന്റി20കൾ എടുത്തുനോക്കിയാലും ഐപിഎല്ലിലടക്കം ആകെ ഒരു അർത്ഥസെഞ്ച്വറി മാത്രമാണ് രോഹിത് നേടിയിട്ടുള്ളത്. രോഹിത് നേരത്തെ സ്കോർ ചെയ്തിരുന്ന അത്രയും ഇപ്പോൾ ചെയ്യുന്നില്ല.”- ആകാശ് ചോപ്ര പറയുന്നു.
ഇതുകൂടാതെ ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ രോഹിത് പുറത്തായ രീതിയെക്കുറിച്ചും ചോപ്ര പറയുകയുണ്ടായി. കെ എൽ രാഹുലിന്റെ യാഥാസ്ഥിതികമായ സമീപനത്തെകുറിച്ചും ചോപ്ര വാചാലനായി.”ഇന്നിങ്സിന്റെ ആദ്യം ഇന്ത്യക്ക് വിക്കറ്റുകൾ നഷ്ടമായിരുന്നില്ല. എന്നിട്ടും രാഹുൽ മെല്ലെപോവുകയാണുണ്ടായത്. അതിനുശേഷം ഔട്ട് ആവുകയും ചെയ്തു. വേണ്ടരീതിയിൽ സ്വാതന്ത്ര്യമെടുത്ത് രാഹുൽ കളിക്കുന്നില്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.
മത്സരത്തിൽ ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമ 13 പന്തുകളിൽ 21 റൺസും, രാഹുൽ 39 പന്തുകളിൽ 36 റൺസും നേടുകയാണുണ്ടായത്. കെ എൽ രാഹുൽ മത്സരത്തിൽ രണ്ടു സിക്സറുകൾ നേടിയിരുന്നെങ്കിലും, ഫോം കണ്ടെത്താൻ നന്നായി വിഷമിച്ചിരുന്നു.