ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ 40 റൺസിനായിരുന്നു ഇന്ത്യ വിജയം കണ്ടത്. ഈ വിജയത്തോടെ ഇന്ത്യ ഏഷ്യകപ്പിന്റെ സൂപ്പർ 4 റൗണ്ടിലേക്ക് യോഗ്യത നേടുകയും ചെയ്തു. മത്സരത്തിലേക്ക് വരികയാണെങ്കിൽ ഒരുപാട് പോസിറ്റീവുകളും നെഗറ്റീവുകളും ഇന്ത്യയ്ക്ക് ഉണ്ടായിട്ടുണ്ട്. പ്രധാന പോസിറ്റീവ് സൂര്യകുമാറിന്റെയും വിരാട് കോഹ്ലിയുടെയും ബാറ്റിംഗ് പ്രകടനമാണ്. നെഗറ്റീവായി നിൽക്കുന്നത് ഇന്ത്യൻ പേസ് ബൗളർമാരുടെ മോശംപ്രകടനവും.
ഹോങ്കോങ്ങിതിരെ ഇന്ത്യ വിജയിച്ചെങ്കിലും ഇന്ത്യയ്ക്ക് ഭീതിയുണർത്തുന്ന ഒന്നുതന്നെയാണ് സീം ബോളിംഗ് വിഭാഗം. ഭുവനേശ്വർ കുമാർ ഒഴികെയുള്ള ഇന്ത്യയുടെ സീം ബോളർമാർക്ക് ഇതുവരെയും തങ്ങളുടെ താളം കണ്ടെത്താനായിട്ടില്ല. പാകിസ്താനെതിരായ മത്സരത്തിൽ ഭുവനേശ്വറും പാണ്ട്യയുമാണ് നന്നായി പന്തെറിഞ്ഞത്. ഇതേ അവസ്ഥ തന്നെയാണ് ഹോങ്കോങ്ങിനെതിരെയും. മത്സരത്തിൽ ആവേഷ് ഖാനും അർഷദീപ് സിങ്ങും നന്നായി തല്ലുകൊണ്ടു. ആവേഷ് ഖാന്റെ 4 ഓവറുകളിൽ 53 റൺസാണ് ഹോങ്കോങ് നേടിയത്. അർഷദീപിന്റെ 4 ഓവറുകളിൽ 44 റൺസും. ഇത് ഇന്ത്യയെ സംബന്ധിച്ച് തലവേദനയാകുന്നുണ്ട്.
ഇരുബോളർമാരും മത്സരത്തിൽ ഓരോ വിക്കറ്റുകൾ വീതം നേടിയെങ്കിലും നിരാശാജനകമായ പ്രകടനം ട്വിറ്ററിൽ ട്രോളുകൾ വാരികൂട്ടിയിട്ടുണ്ട്. ആവേഷ് ഖാനെക്കാൾ മികച്ച ബോളറാണ് വിരാട് കോഹ്ലിയെന്നും അശോക് ദിൻഡ പോലും ആവേഷിനെക്കാൾ ഭേദമാണെന്നുമോക്കെയുള്ള ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടു. ഇരുവരും ചേർന്ന് 8 ഓവറുകളിൽ ഒരു 95 റൺസ് വഴങ്ങിയെന്നും, ഇവരെ ഇങ്ങനെ കളിപ്പിച്ചാൽ ഇന്ത്യയ്ക്ക് ലോകകപ്പ് ലഭിക്കില്ലെന്നും ചിലർ പറയുന്നു. ഇങ്ങനെ ട്രോൾ മഴയാണ് സാമൂഹ്യമാധ്യമങ്ങളിൽ.
എന്നിരുന്നാലും അർഷദീപ് സിംഗ് ഇന്ത്യയ്ക്കായി മികച്ച പ്രകടനങ്ങളായിരുന്നു സമീപസമയത്ത് കാഴ്ചവച്ചത്. പക്ഷേ ആവേഷ് റൺസ് വഴങ്ങുന്നതിൽ ഒരു പിശുക്കും ഇതുവരെ കാട്ടിയിട്ടില്ല. അതിനാൽതന്നെ നിർണായക മത്സരങ്ങളിൽ ഇരുവരുടെയും പ്രകടനങ്ങൾ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.