ഇന്ത്യയുടെ ഹോങ്കോങ്ങിനെതിരായ മത്സരത്തിലെ വിജയഘടകമായിരുന്നു സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവ്. മറ്റു ബാറ്റർമാർ ബുദ്ധിമുട്ടിയ ദുബായിലെ വിക്കറ്റിൽ സൂര്യകുമാർ തെല്ലും മടിക്കാതെ അടിച്ചുതകർത്തു. ഇന്ത്യയുടെ നാലാം നമ്പർ ബാറ്ററായി ഇറങ്ങിയ സൂര്യ 26 പന്തുകളിൽ 68 റൺസാണ് നേടിയത്. സൂര്യയുടെ 360 ഡിഗ്രീ ഷോട്ടായിരുന്നു ഇന്നിങ്സിന്റെ ഏറ്റവും വലിയ പ്രത്യേകത. മത്സരത്തിൽ വിവിധ ദിശകളിലേക്കായി ആറ് ബൗണ്ടറികളും ആറ് സിക്സറുകളും സൂര്യകുമാർ നേടി. ഇപ്പോൾ തന്റെ സ്ട്രോക്ക്പ്ലേയുടെ രഹസ്യമാണ് സൂര്യകുമാർ വെളിപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യൻ ഇന്നിംഗ്സിനുശേഷമുള്ള ഇടവേളയിൽ നടന്ന അഭിമുഖത്തിലായിരുന്നു സൂര്യകുമാർ തന്റെ വമ്പനടികളുടെ രഹസ്യം വെളിപ്പെടുത്തിയത്. ഞാൻ ഇതിനുമുമ്പ് ഇത്തരം ഷോട്ടുകൾ കളിച്ചിട്ടുണ്ട്. അത് പക്ഷെ എന്റെ സുഹൃത്തുക്കളോടൊപ്പം കളിക്കുമ്പോളായിരുന്നു. ഞങ്ങൾ ഒരുപാട് റബ്ബർ ബോൾ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഈ ഷോട്ടുകൾ എല്ലാം വന്നത് അവിടെനിന്നാണ്. “- സൂര്യകുമാർ പറഞ്ഞു.
വിരാട് കോഹ്ലിക്കൊപ്പം ചേർന്ന് മൂന്നാം വിക്കറ്റിൽ 98 റൺസായിരുന്നു സൂര്യകുമാർ കൂട്ടിച്ചേർത്തത്. മത്സരശേഷമുള്ള അഭിമുഖത്തിൽ സൂര്യകുമാർ പറഞ്ഞത് ഇങ്ങനെയായിരുന്നു. “നേരത്തെ ഞാനും പന്തും രോഹിതും സ്കോറിനെകുറിച്ച് സംസാരിച്ചിരുന്നു. ഞാൻ ബാറ്റിംഗിനിറങ്ങുമ്പോൾ സ്കോറിംഗ് വർധിപ്പിക്കാൻ ശ്രമിക്കുകയും, ഒരു 170-175 റൺസ് ലക്ഷ്യം വയ്ക്കുകയും ചെയ്യുമെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ കാര്യങ്ങൾ കൂടുതൽ അനായാസമായപ്പോൾ ഞാൻ ലക്ഷ്യം മാറ്റി. എന്തായാലും ഈ പ്രകടനത്തിൽ വലിയ സന്തോഷമുണ്ട്. ”
നേരത്തെ ഇന്ത്യൻ ഓപ്പണറായ രോഹിത് ശർമ(21) മികച്ച രീതിയിൽ കളിച്ചുതുടങ്ങിയെങ്കിലും വലിയ സ്കോർ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഒരു സമയത്ത് 13 ഓവറിൽ 94 റൺസിന് രണ്ടുവിക്കറ്റ് എന്ന നിലയിലായിരുന്നു ഇന്ത്യ. സൂര്യകുമാറും കോഹ്‌ലിയും ചേർന്നാണ് ഇന്ത്യയെ കൈപിടിച്ചുകയറ്റിയത്. മത്സരത്തിൽ സൂര്യകുമാറിന്റെ ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു നിർണായകമായത്.