ബാറ്റുമായി ഇന്ത്യക്കാരുടെ നെഞ്ചിലേക്ക് നടന്നുകയറിയ മുത്ത്!!! മനസിലായോ ആളെ?

   

ക്രിക്കറ്റിലെ സാഹചര്യങ്ങളും സമീപനങ്ങളും മാറിയപ്പോഴും മാറാത്ത ഒന്നായിരുന്നു ക്രിക്കറ്റ് ഷോട്ടുകൾ. കോപ്പിബുക്ക്‌ ഷോട്ടുകളാണ് ക്രിക്കറ്റിൽ ഏറ്റവും മികച്ചതും സൗന്ദര്യമേറിയതും എന്ന് വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ചില ക്രിക്കറ്റർമാർ പലതരം പുതിയ ഷോട്ടുകൾ ക്രിക്കറ്റിലേക്ക് സംഭാവന ചെയ്തുകൊണ്ടേയിരുന്നു. ക്രിക്കറ്റിന്റെ ഘടനയെ തന്നെ മാറ്റിമറിച്ച ഇത്തരമൊരു ഷോട്ടിന്റെ വക്താവായിരുന്നു റോബിൻ ഉത്തപ്പ. ബോളർമാർക്ക് നേരെ നടന്നുകയറി തലങ്ങും വിലങ്ങും ഷോട്ടുകൾ കളിച്ച ഉത്തപ്പ ഇന്ത്യൻ ക്രിക്കറ്റിന്റെ ഒരു പ്രത്യേകതയായിരുന്നു.

   

1985ൽ കർണാടകയിലെ കുടകിലായിരുന്നു റോബിൻ ഉത്തപ്പ ജനിച്ചത്. യാതൊരുവിധ ക്രിക്കറ്റ് പാരമ്പര്യം ഇല്ലാതിരുന്ന കുടുംബത്തിൽ നിന്ന് തന്റെ കഴിവുകൾകൊണ്ട് തന്നെയായിരുന്നു ഉത്തപ്പ ശ്രദ്ധയാകർഷിച്ചത്. 2005ലെ ചലഞ്ചർ ട്രോഫിയിൽ ഇന്ത്യ എ ടീമിനെതിരെ ഉത്തപ്പ നേടിയ 66 റൺസാണ് ആദ്യം ശ്രദ്ധപിടിച്ചുപറ്റിയത്. പിന്നീട് ഉത്തപ്പ കുറച്ചധികം നാൾ ലിസ്റ്റ് എ ക്രിക്കറ്റിൽ തിളങ്ങി.

   

അങ്ങനെ 2006ലാണ് റോബിൻ ഉത്തപ്പയ്ക്ക് ഇന്ത്യൻ ടീമിലേക്ക് ആദ്യമായി വിളിവരുന്നത്. ഇംഗ്ലണ്ടിനെതിരായ തന്റെ ആദ്യ ഏകദിനത്തിൽ മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നു ഉത്തപ്പ കാഴ്ചവെച്ചത്. ഓപ്പണിംഗ് ബാറ്ററായിറങ്ങി മത്സരത്തിൽ 86 റൺസ് ഉത്തപ്പ നേടി. ശേഷം 2007ലെ പ്രാഥമിക ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ നിർണായക സാന്നിധ്യമായി ഉത്തപ്പ മാറി. ഉത്തപ്പയുടെ നടന്നുകയറിയുള്ള ഷോട്ട് ഇതിനോടകംതന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അങ്ങനെ അയാളെ ക്രിക്കറ്റ് ലോകം “The Walking Assasin” എന്ന് വിളിക്കാൻ തുടങ്ങി.

   

ആഭ്യന്തരക്രിക്കറ്റിൽ കർണാടക ടീമിൽ തുടങ്ങി മുംബൈ ഇന്ത്യൻസ്, ബാംഗ്ലൂർ, പൂനെ, കൊൽക്കത്ത, സൗരാഷ്ട്ര, കേരളം, രാജസ്ഥാൻ, ചെന്നൈ എന്നീ ടീമുകൾക്കായി ഉത്തപ്പ കളിച്ചു. ഇന്ത്യയ്ക്കായി 46 ഏകദിനങ്ങളിൽ നിന്ന് 934 റൺസും 12 ട്വന്റി20കളിൽ നിന്ന് 249 റൺസും ഉത്തപ്പ നേടി. പലപ്പോഴും അവസരങ്ങൾ ലഭിക്കാതെ തഴയപ്പെട്ട ക്രിക്കറ്റർ കൂടിയായിരുന്നു ഉത്തപ്പ.

Leave a Reply

Your email address will not be published. Required fields are marked *