ഏഷ്യാകപ്പിൽ ഇന്ത്യയുടെ രണ്ടാം മത്സരം ഇന്ന് ഹോങ്കോങ്ങിനെതിരെയാണ് നടക്കുന്നത്. പാകിസ്ഥാൻ ടീമിനെ വച്ച് നോക്കുമ്പോൾ താരതമ്യേന ചെറിയ ടീമാണ് ഹോങ്കോങ്ങ്. കഴിഞ്ഞ 14 വർഷങ്ങൾക്കിടയിൽ മൂന്നാം തവണ മാത്രമാണ് ഇന്ത്യ ഹോങ്കോങ്ങിനോട് ഏറ്റുമുട്ടുന്നത്. ഇത്തവണ കുവൈറ്റിനെയും യുഎഇയെയും മറികടന്നായിരുന്നു ഹോങ്കോങ്ങ് ഏഷ്യാകപ്പ് കളിക്കാൻ യോഗ്യത നേടിയത്. നിലവിൽ എല്ലാവരുടെയുമുള്ളിൽ ഉദിക്കുന്ന ഒരു ചോദ്യം ഹോങ്കോങ് ദുർബല ടീമാണോ എന്നുള്ളതാണ്. അതിനുള്ള ഉത്തരം അല്ല എന്നുതന്നെയാണ്.
ഹോങ്കോങ്ങ് അത്ര നിസ്സാര ടീമല്ല. നിസാകത്ത് ഖാനും മുഹമ്മദ് ഗസർഫറുമോക്കെയുള്ള കിടിലൻ ടീം തന്നെയാണ്. പലപ്പോഴും നിർഭാഗ്യം കൊണ്ട് ശ്രദ്ധപിടിച്ചു പറ്റാനാവാത്തതായിരുന്നു ഹോങ്കോങ്ങിന്റെ പ്രശ്നം. ഇന്ത്യയ്ക്കെതിരെ ഏഷ്യാകപ്പിൽ 2008ലും 2018ലെ ഹോങ്കോങ് ഏറ്റുമുട്ടിയിട്ടുണ്ട്. 2018ൽ ഇന്ത്യയുമായി ഏറ്റുമുട്ടിയപ്പോൾ മികച്ച പ്രകടനം തന്നെയാണു അവർ കാഴ്ചവച്ചത്.
2018ൽ ഏഷ്യാകപ്പ് ഏകദിന ഫോർമാറ്റിലായിരുന്നു നടന്നത്. അന്ന് ഹോങ്കോങ്ങിതിരായ മത്സരത്തിൽ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. മത്സരത്തിൽ ശിഖർ ധവാന്റെ കിടിലൻ സെഞ്ചുറിയുടെ ബലത്തിൽ 285 റൺസായിരുന്നു ഇന്ത്യ നേടിയത്. ഇന്ത്യൻ നിരയിൽ അന്ന് ദിനേശ് കാർത്തിക്കും കേദാർ ജാദവും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയെ ഞെട്ടിച്ച ബാറ്റിംഗ് പ്രകടനമായിരുന്നു ഹോങ്കോങ് ടീം കാഴ്ചവച്ചതും.92റൺസെടുത്ത നിസാകത് ഖാനും 73 റൺസെടുത്ത അൻഷുമൻ റാത്തും ചേർന്ന് ഇന്ത്യൻ ബോളിങ്ങിനെ വരിഞ്ഞുമുറുകി. ഇരുവരും ചേർന്ന് 174 റൺസിന്റെ പാർട്ട്ണർഷിപ്പായിരുന്നു കെട്ടിപ്പടുത്തത്.
എന്നാൽ ഓപ്പണർമാർ നൽകിയ ഈ മികച്ച തുടക്കം മുതലാക്കാൻ ഹോങ്കോങ് മധ്യാനിരയ്ക്ക് സാധിച്ചില്ല. അവരുടെ ഇന്നിങ്സ് 259ന് 8 എന്ന നിലയിൽ അവസാനിച്ചു. എന്നിരുന്നാലും അത്ര ചെറിയ ടീമായി ഹോങ്കോങ്ങിനെ കണ്ടതിന്റെ പരിണിതഫലമാണ് ഇന്ത്യ മത്സരത്തിൽ അനുഭവിച്ചത്. ഇനിയും അങ്ങനെ ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രതീക്ഷിക്കാം.