ഒരു സമയത്ത് അഫ്ഗാനിസ്ഥാൻ വെറുമൊരു കുഞ്ഞൻ ടീം മാത്രമായിരുന്നു. ഏഷ്യകപ്പ് ടൂർണമെന്റകളിൽ ഹോങ്കോങ്ങിനെയും യുഎഇയെയുംപോലെ ഇടയ്ക്ക് വന്ന് മറ്റ് ടീമുകളെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർ. എന്നാൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി വലിയ മാറ്റങ്ങൾക്കാണ് അഫ്ഗാനിസ്ഥാൻ സാക്ഷ്യംവഹിച്ചത്. ലോകോത്തര നിലവാരമുള്ള സ്പിന്നർമാരും ബാറ്റർമാരെ കുഴപ്പിക്കുന്ന സീം ബോളർമാരും അവരുടെ ശക്തിയായി മാറി. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഏഷ്യാകപ്പിൽ ശ്രീലങ്കയോടും അഫ്ഗാനിസ്ഥാനോടുമുള്ള അവരുടെ വിജയം. ഈ വിജയത്തോടെ അവർ ഏഷ്യാകപ്പ് സൂപ്പർ 4ൽ എത്തുന്ന ആദ്യ ടീമായി മാറി.
ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ടോസ് നേടിയ ഷാകിബ് അൽ ഹസൻ ബാറ്റിംഗ് തെരഞ്ഞെടുത്തത് അഫ്ഗാൻ കളിക്കാരെ പോലും ഞെട്ടിച്ചു. ആ തീരുമാനം തെറ്റായിരുന്നു എന്ന് തോന്നിപ്പിക്കുംവിധമുള്ള തുടക്കമായിരുന്നു ബംഗ്ലാദേശിന് ലഭിച്ചത്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ അഫ്ഗാനിസ്ഥാന്റെ സീം ബോളർമാരാണ് തീതുപ്പിയതെങ്കിൽ ഇവിടെ അവരുടെ സ്പിന്നർമാരുടെ തേരോട്ടമാണ് കണ്ടത്. ശ്രീലങ്കൻ ഇന്നിങ്സിന്റെ തുടക്കത്തിൽതന്നെ അവരുടെ പ്രധാന ബാറ്റർമാരെ മുജീബ് ഉർ റഹ്മാൻ വിഴ്ത്തി.
ഒരു സമയത്ത് 28ന് 4 എന്ന നിലയിൽ തകർന്ന ബംഗ്ലാദേശിന് മൊസദേക് ഹുസൈൻ കൈത്താങ്ങായി. എന്നിരുന്നാലും നിശ്ചിത 20 ഓവറിൽ 127 റൺസ് മാത്രം നേടാനേ ബംഗ്ലാദേശിനും സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കമായിരുന്നില്ല അഫ്ഗാനിസ്ഥാന് ലഭിച്ചത്. താരതമ്യേന ചെറിയ ലക്ഷ്യത്തിലേക്ക് മെല്ലെയാണ് അഫ്ഗാനിസ്ഥാൻ നീങ്ങിയത്. തങ്ങളുടെ ഓപ്പണർമാരെ നഷ്ടപ്പെട്ട അഫ്ഗാൻ പതറുമെന്ന് തോന്നി.
എന്നാൽ ക്രീസിൽ പതിയെ താളം കണ്ടെത്തിയ ഇബ്രാഹിം സദ്രാനും(42) വമ്പൻ ഷോട്ടുകളുമായി നജീബുള്ളയും(43) കളംനിറഞ്ഞതോടെ അഫ്ഗാനിസ്ഥാൻ വിജയം കാണുകയായിരുന്നു. മത്സരത്തിൽ 17 പന്തുകളിൽ ആറു സിക്സറുകളുടെയും ഒരു ബൗണ്ടറിയുടെയും ബലത്തിൽ 43 റൺസ് നേടിയ നജിബുള്ളയായിരുന്നു ബംഗ്ലാദേശിന്റെ നട്ടെല്ലൊടിച്ചത്. ഈ വിജയത്തോടെ ഗ്രൂപ്പ് Bയിൽ നിന്ന് അഫ്ഗാനിസ്ഥാൻ സൂപ്പർ 4ലേക്ക് യോഗ്യത നേടി.