ക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾ തിരിച്ചു മൈതാനത്തെത്തുന്ന ഇത്തവണത്തെ ലെജൻഡ് ലീഗ് ക്രിക്കറ്റ് സെപ്റ്റംബറിലാണ് നടക്കുന്നത്. ഇന്ത്യയുടെ റിട്ടേഡ് ഇതിഹാസങ്ങൾ അണിനിരക്കുന്ന ഇന്ത്യൻ മഹാരാജാസ് ടീമും ലെജൻഡ്സ് ലീഗിലുണ്ട്. സൗരവ് ഗാംഗുലി നയിക്കുന്ന ഇന്ത്യൻ മഹാരാജാസിൽ വീരേന്ദർ സെവാഗ്, ഗൗതം ഗംഭീർ തുടങ്ങിയവർ പ്രധാന ആകർഷണങ്ങളാണ്. ടീമിലെ ഓൾറൗണ്ടർമാരിൽ ഒരാളായ യൂസഫ് പത്താനാണ് ഇപ്പോൾ ലെജൻഡ്സ് ലീഗിനുള്ള മുന്നൊരുക്കങ്ങളുടെ വീഡിയോ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
യൂസഫ് പത്താൻ നെറ്റ്സിൽ കവർ ഡ്രൈവുകളും വമ്പൻ സിക്സറുകളുമൊക്കെ നേടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. യൂസഫ് തന്നെയാണ് വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ഷെയർ ചെയ്തത്. “ലെജൻസ് ലീഗിനായി തിരികെ നെറ്റിലെത്തിയതിൽ അതിയായ സന്തോഷമുണ്ട്” എന്നായിരുന്നു വീഡിയോയുടെ ശീർഷകം. ചെറിയ സമയത്തിനുള്ളിൽ തന്നെ വീഡിയോ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ഇന്ത്യൻ ലെജൻസ് ടീമിനായും ഇന്ത്യൻ മഹാരാജാസ് ടീമിനായും യൂസഫ് പത്താൻ സജീവമാണ്. ടൂർണമെന്റിൽ മികച്ച ഫോമിൽ തന്നെയായിരുന്നു പത്താൻ കളിച്ചിരുന്നത്. ലെജൻഡ്സ് ലീഗിന്റെ ഉദ്ഘാടന സീസണിൽ മഹാരാജാസിനായി നാല് മത്സരങ്ങളിൽ നിന്നും 151 റൺസായിരുന്നു യൂസഫ് നേടിയത്.
കൂടാതെ 2021ലെ സീസണിൽ ഇന്ത്യൻ ലെജൻസിനായി 139 റൺസും പത്താൻ നേടുകയുണ്ടായി. സെപ്റ്റംബർ 17നാണ് ലെജൻസ് ലീഗ് ക്രിക്കറ്റ് ആരംഭിക്കുന്നത്. 15 മത്സരങ്ങളടങ്ങുന്ന ടൂർണമെന്റിൽ നാല് ടീമുകളാവും ഉണ്ടാവുക. ടൂർണമെന്റിന്റെ ഫൈനൽ ഒക്ടോബർ 22ന് നടക്കും. എന്തായാലും ആവേശത്തിൽ തന്നെയാണ് ക്രിക്കറ്റ് ആരാധകർ.
View this post on Instagram