ഓരോ തവണയും കൂടുതൽ പ്രയാസകരമായ ടൂർണമെന്റായി ഏഷ്യാകപ്പ് മാറുകയാണ്. തുടക്കസമയത്ത് ഇന്ത്യയും പാകിസ്ഥാനും ശ്രീലങ്കയും മാത്രമായിരുന്നു ഏഷ്യാകപ്പിന്റെ മുഖങ്ങൾ. എന്നാൽ പിന്നീട് ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചതോടെ മത്സരം കൂടുതൽ മുറുകി. ഇത്തവണത്തെ ഏഷ്യാകപ്പിൽ ശ്രീലങ്കയെ വലിയ മാർജിനിൽ തുരത്തിയോടിച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. ഇന്ന് ബംഗ്ലാദേശിനെതിരെയാണ് അഫ്ഗാനിസ്ഥാന്റെ രണ്ടാം മത്സരം. ഇന്ന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി 2022 ഏഷ്യാകപ്പിന്റെ സൂപ്പർ 4 സ്റ്റേജിൽ കയറുന്ന ആദ്യ ടീമായി അഫ്ഗാനിസ്ഥാൻ മാറുമെന്നാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പ്രവചിക്കുന്നത്.
ഒരു യൂട്യൂബ് വീഡിയോയിലാണ് ആകാശ് ചോപ്ര ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. “എന്റെ കണക്കുകളിൽ അഫ്ഗാനിസ്ഥാൻ ഇന്ന് ജയിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ ഈ വിജയത്തോടെ സൂപ്പർ 4ൽ യോഗ്യത നേടുന്ന ആദ്യ ടീമായി അഫ്ഗാനിസ്ഥാൻ മാറും. അങ്ങനെ വരുമ്പോൾ ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള മത്സരം മരണപോരാട്ടമാവും”- ആകാശ് ചോപ്ര പ്രവചിക്കുന്നു.
ഇതോടൊപ്പം ഏഷ്യാകപ്പിന്റെ അടുത്ത റൗണ്ടിലേക്കുള്ള ശ്രീലങ്കയുടെ സാധ്യതകൾ വിരളമാണെന്നും ചോപ്ര കൂട്ടിച്ചേർക്കുന്നു. ” അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനോട് ജയിക്കാനാണ് ശ്രീലങ്കയും പ്രാർത്ഥിക്കുന്നത്. അങ്ങനെ ബംഗ്ലാദേശ് തോറ്റാൽ മാത്രമേ അവർക്ക് അടുത്ത റൗണ്ടിലേക്ക് സാധ്യതയെങ്കിലുമുള്ളൂ. പകരം ബംഗ്ലാദേശ് ഇന്ന് ജയിച്ചാൽ ശ്രീലങ്കയ്ക്ക് യോഗ്യത നേടാൻ സാധിക്കില്ല. കാരണം അവരുടെ നെറ്റ് റൺറേറ്റ് തീരെ കുറവാണ്. “- ചോപ്ര കൂട്ടിച്ചേർക്കുന്നു.
കൂടാതെ അഫ്ഗാനിസ്ഥാൻ സ്പിന്നർമാരായ റാഷിദ് ഖാനും മുജീബ് ഉർ റഹ്മാനും മുഹമ്മദ് നബിയും ചേർന്ന് ബംഗ്ലാദേശിനെതിരെ അഞ്ച് വിക്കറ്റുകൾ നേടുമെന്നും ചോപ്ര പറയുന്നു. അവസാനമത്സരത്തിൽ റാഷിദ് ഖാൻ വിക്കറ്റ് നേടാതിരുന്നിട്ടുകൂടി അഫ്ഗാനിസ്ഥാൻ സ്പിന്നർമാർ നാല് വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു.