ഇന്ത്യ-പാക് മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ പോസിറ്റീവ്കളെക്കുറിച്ചാണ് പല ക്രിക്കറ്റ് അനലിസ്റ്റുകളും സംസാരിച്ചത്. എന്നാൽ ഇന്ത്യയ്ക്ക് മത്സരത്തിൽ പറ്റിയ തെറ്റുകളാണ് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ ഇപ്പോൾ ചൂണ്ടിക്കാണിക്കുന്നത്. മത്സരത്തിൽ ഭേദപ്പെട്ട ബാറ്റിംഗായിരുന്നു വിരാട് കോലി കാഴ്ചവച്ചത്. ഇന്ത്യ സമ്മർദത്തിലായ അവസ്ഥയിൽ കോഹ്ലി ഇന്ത്യയുടെ തേര് തെളിച്ചിരുന്നു. എന്നാൽ കോഹ്ലി പുറത്തായ ഷോട്ടിനെ വിമർശിച്ചുകൊണ്ടാണ് ഗൗതം ഗംഭീർ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. എന്തിനായിരുന്നു കോഹ്ലി ആ സമയത്ത് അത്തരം അനാവശ്യമായ ഒരു ഷോട്ട് കളിച്ചതെന്നാണ് ഗംഭീർ ചോദിക്കുന്നത്.
“വളരെ ഖേദകരമായ ഷോട്ടായിരുന്നു അത്. ആ സമയത്ത് രോഹിത് ശർമയുടെ വിക്കറ്റു നഷ്ടപ്പെട്ടതേയുള്ളൂ. അതിനു തൊട്ടുപിന്നാലെ അങ്ങനെ ഒരു ഷോട്ട് ഒരിക്കലും അംഗീകരിക്കാനാവില്ല. ഏതായാലും യുവതാരങ്ങൾ ഒന്നും അങ്ങനെ ഒരു ഷോട്ട് കളിക്കാത്തത് നന്നായി. അവരാണ് ഇത്തരം ഷോട്ട് കളിച്ചിരുന്നതെങ്കിൽ നാലുവശത്തുനിന്നും വിമർശനങ്ങൾ നേരിടേണ്ടിവന്നേനെ”- ഗംഭീർ പറയുന്നു.
“കോഹ്ലി അന്താരാഷ്ട്രക്രിക്കറ്റിൽ നേടിയിരിക്കുന്ന റൺസും പ്രകടനങ്ങളും ഒക്കെ കണക്കിലെടുത്ത് പരിശോധിക്കുമ്പോൾ അയാൾക്കുതന്നെ തോന്നിയിട്ടുണ്ടാവും അത്തരം ഒരു ഷോട്ട് അനാവശ്യമായിരുന്നുവെന്ന്. മാത്രമല്ല നമ്മൾ 34 പന്തിൽ 35 റൺസെടുത്ത് നിൽക്കുമ്പോൾ, ടീം ക്യാപ്റ്റൻ പെട്ടെന്ന് പുറത്താകുമ്പോൾ, വളരെ സംയമനത്തോടെ പതിയെ ഇന്നിങ്സ് മുമ്പോട്ടു കൊണ്ടുപോയിരുന്നെങ്കിൽ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായേനെ.” ഗംഭീർ കൂട്ടിച്ചേർക്കുന്നു.
മത്സരത്തിൽ നിർണായക സമയത്തായിരുന്നു ഇന്ത്യയ്ക്ക് വിരാട് കോഹ്ലിയും രോഹിത് ശർമയുടെയും വിക്കറ്റ് നഷ്ടമായത്. ഇരുവരും നവാസിനെ സിക്സർ തൂക്കാൻ ശ്രമിക്കവെയാണ് കൂടാരം കയറിയത്. വിരാട് കോഹ്ലി പുറത്തായത് വെറും ചിപ്പിഗ് ഷോട്ടിലൂടെയായിരുന്നു.