ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ വിജയത്തിന് തൊട്ടുപിന്നാലെ ഇന്ത്യൻ താരങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മുൻതാരങ്ങളും എത്തിയിട്ടുണ്ട്. ഇന്ത്യയുടെ മുൻ ഓപ്പണറായ വീരേന്ദ്ര സേവാഗാണ് ഇപ്പോൾ ഹർദിക് പാണ്ഡ്യയേ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഹർദിക് മാത്രമാണ് ഇന്ത്യയുടെ വിജയശില്പി എന്നാണ് വീരേന്ദർ സെവാഗിന്റെ പക്ഷം.
ഹർദിക്കിന്റെ ബാറ്റുകൊണ്ടും ബോൾകൊണ്ടുമുള്ള മികച്ച പ്രകടനമായിരുന്നു പാകിസ്താനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് 5 വിക്കറ്റ് വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ നിർണായക സമയത്ത് ഇന്ത്യയെ കൈപിടിച്ചുകയറ്റിയ പാണ്ട്യയെ അഭിനന്ദിക്കുകയാണ് സേവാഗ്. “ഞാൻ പറയുകയാണെങ്കിൽ പാണ്ട്യയാണ് ഇന്ത്യക്ക് വേണ്ടി മത്സരം ജയിച്ചത്. കാരണം ജഡേജ ബോൾ ടു ബോൾ കളിക്കുകയായിരുന്നു. അതിനാൽ പാണ്ഡ്യ വലിയ റേറ്റിൽ സ്കോർ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ത്യയ്ക്ക് പ്രശ്നമായേനെ. ജഡേജ-പാണ്ഡ്യ പാർട്ട്ണർഷിപ്പിൽ പാണ്ട്യ തന്നെയാണ് പ്രാഥമിക റോൾ കളിച്ചത്. ബോളുകൊണ്ടും ബാറ്റുകൊണ്ടും അയാൾ അത്ഭുതം കാട്ടി.”- സേവാഗ് പറയുന്നു.
“ആദ്യം ഹർദിക് ബോളിഗിൽ ഇന്ത്യയുടെ നെടുംതൂണായി. മത്സരത്തിന്റെ പതിമൂന്നാം ഓവർ വരെ നന്നായി തന്നെയാണ് പാകിസ്ഥാൻ ബോൾ ചെയ്തത്. പാണ്ഡ്യ ബാറ്റിങ്ങിനിറങ്ങുമ്പോൾ ഇന്ത്യ സമ്മർദ്ദത്തിലുമായിരുന്നു. എപ്പോഴൊക്കെ ഇന്ത്യ സമ്മർദ്ദം നേരിട്ടോ അപ്പോഴൊക്കെ പാണ്ട്യ മികവുകാട്ടി. എന്തായാലും അത് പാണ്ട്യയുടെ ദിവസം തന്നെയായിരുന്നു.”- സേവാഗ് കൂട്ടിച്ചേർത്തു.
കുറച്ചധികം നാളുകളായി പരിക്കുമൂലം വലഞ്ഞ പാണ്ട്യ കഴിഞ്ഞ ഐപിഎൽ സീസണിലായിരുന്നു തകർപ്പൻ തിരിച്ചുവരവ് നടത്തിയത്. നിലവിൽ ഇന്ത്യൻ ടീമിന്റെ ഒരു പ്രധാന ഘടകം തന്നെയാണ് പാണ്ട്യ. നല്ല ഫിറ്റ്നസോടെ ഹർദിക് പാണ്ഡ്യയുള്ളപ്പോൾ ഇന്ത്യൻ ടീമിന് കൃത്യമായി ബാലൻസ് കണ്ടെത്താൻ കഴിയുന്നുണ്ട്. ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിലെ ഇരുടീമുകളും തമ്മിലുള്ള വ്യത്യാസവും പാകിസ്ഥാനിൽ ഇത്തരമൊരു ഓൾറൗണ്ടർ ഇല്ലാതിരുന്നത് തന്നെയാണ്.