പാകിസ്താനെതിരായ ഇന്ത്യയുടെ മത്സരത്തിൽ ഒരു പ്രധാന വഴിത്തിരിവായിരുന്നു മുഹമ്മദ് റിസ്വന്റെ വിക്കറ്റ്. മറ്റുബാറ്റർമാർ പരാജയപ്പെട്ട സാഹചര്യത്തിൽ വളരെ സംയമനപൂർവ്വം കളിച്ച റിസ്വാൻ ഇന്ത്യൻ ടീമിന് ഭീഷണിയാകുമെന്ന് പലരും വിധിയെഴുതി. എന്നാൽ 43 റൺസ് നേടിയ റിസ്വാനെ ഇന്ത്യ തന്ത്രപരമായി പുറത്താക്കിയതോടെ പാകിസ്ഥാൻ ഇന്നിങ്സ് നിലം പതിക്കുകയായിരുന്നു. എന്നാൽ ബാറ്റിംഗിൽ മാത്രമല്ല തന്റെ അപ്പീൽ കൊണ്ടും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുകയാണ് മുഹമ്മദ് റിസ്വാൻ ഇപ്പോൾ.
ഇന്ത്യൻ ബാറ്റിംഗ് ഇന്നിംഗ്സിൽ എപ്പോഴൊക്കെ ബോൾ റിസ്വാന്റെ കൈകളിൽ എത്തിയിട്ടുണ്ടോ അപ്പോഴൊക്കെ റിസ്വാൻ അപ്പീൽ ചെയ്തിട്ടുണ്ട്. ബോൾ ബാറ്റിൽ കൊണ്ടോ എന്ന് സംശയം പോലും ഇല്ലാത്ത സാഹചര്യങ്ങളിൽ പോലും അനാവശ്യമായി റിസ്വാൻ അപ്പീൽ ചെയ്തു. അങ്ങനെ പാകിസ്ഥാന് റിവ്യൂ പോലും പാഴാവുകയുണ്ടായി. ഇന്ത്യയുടെ വിക്കറ്റെടുത്താലേ പാകിസ്ഥാന് മത്സരത്തിൽ ജയിക്കാനാവൂ എന്ന സാഹചര്യത്തിലാണ് റിസ്വാൻ അരോചകമായ അപ്പീൽ ആരംഭിച്ചത്.
ട്വിറ്ററിൽ ഒരു ദയയുമില്ലാതെയാണ് റിസ്വാന് ട്രോളുകൾ ലഭിച്ചത്. മത്സരത്തിന് ശേഷവും സ്റ്റേഡിയത്തിനു പുറത്തു നിന്ന് റിസ്വാൻ അപ്പീൽ ചെയ്യുന്നുണ്ടാവുമെന്നും ഇന്ത്യ വിജയിച്ചശേഷവും ഡ്രസിങ് റൂമിൽ കിടന്ന് റിസ്വാൻ അപ്പീൽ ചെയ്യുകയായിരുന്നുവെന്നും ട്വീറ്റുകൾ തമാശരൂപേണ പറയുന്നു. അതോടൊപ്പം റിസ്വാന്റെ ഷൂസിനുള്ളിൽ എന്തെങ്കിലുമുണ്ടോ എന്ന് പരിശോധിക്കണമെന്നും ക്രിക്കറ്റ് ആരാധകർ പറയുന്നു. ഇങ്ങനെ ഒരുപാട് ട്രോൾ ട്വീറ്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
ഇതുകൂടാതെ, റിസ്വാനാണ് ഏറ്റവും അരോചകമായി മത്സരത്തിൽ തോന്നിയെന്നും ചിലർ പറയുന്നു. എന്തായാലും മത്സരത്തിന്റെ ആവേശത്തിന് റിസ്വാന്റെ അനാവശ്യ അപ്പീലുകൾ കൂടുതൽ ഭംഗി നൽകിയിട്ടുണ്ട്. മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ വിജയം കണ്ടത്.