അന്ന് സച്ചിൻ, ഇന്ന് ഫഖർ ഇതാടാ ക്രിക്കറ്റ്‌ !! സ്പോർട്സ്മാൻ സ്പിരിറ്റിന്റെ മാരക വേർഷൻ

   

കളിക്കളത്തിലെ സ്പോർട്സ്മാൻ സ്പിരിറ്റ് കൊണ്ട് വളരെയേറെ പേരുകേട്ട താരമാണ് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. താൻ ഔട്ടാണെന്ന് തോന്നിയാൽ പിന്നീട് അമ്പയറുടെ തീരുമാനത്തിന് കാത്തുനിൽക്കാറില്ല സച്ചിൻ. അതുപോലെതന്നെ അമ്പയർ തെറ്റായ തീരുമാനത്തിലൂടെ ഔട്ട് വിളിച്ചാലും സച്ചിൻ ചെറുപുഞ്ചിരിയോടെ നടന്നുപോകാറുണ്ട്. അത്തരം ഒരു കാഴ്ച ഇന്ത്യ-പാക് മത്സരത്തിലും കാണാൻ സാധിച്ചു. പാക്കിസ്ഥാൻ ബാറ്റർ ഫഖർ സമനാണ് അമ്പയർ ഔട്ട് വിളിക്കുന്നതിനു മുൻപ് സ്വയം ഡഗൗട്ടിലേക്ക് നടന്ന് സ്പോർട്സ്മാൻ സ്പിരിറ്റ് കാണിച്ചത്.

   

മത്സരത്തിന്റെ ആറാം ഓവറിലായിരുന്നു സംഭവം. 5 പന്തിൽ ഒമ്പത് റൺസുമായി ക്രീസിൽ നിൽക്കുകയായിരുന്നു ഫഖർ സമൻ. അപ്പോഴാണ് ആവേഷ് ഖാന്റെ ഒരു ഷോട്ട് ബോൾ ഫഖറിനെ മറികടന്ന് കാർത്തിക്കിന്റെ കയ്യിൽ എത്തിയത്. ആരും തന്നെ അപ്പീൽ ചെയ്യാനോ ഒന്നും ശ്രമിച്ചില്ല. എന്നാൽ ബോൾ തന്റെ ബാറ്റിൽ തട്ടി എന്ന് മനസ്സിലാക്കിയ സമൻ പതിയെ ഡഗൗട്ടിലേക്ക് നടന്നു.

   

അമ്പയർക്കും കീപ്പറിനും ബോളറിനും പോലും ഇക്കാര്യം മനസ്സിലായില്ലെങ്കിലും ഫഖർ തന്റെ സ്പോർട്സ്മാൻ സ്പിരിറ്റ് തന്നെയാണ് പുറത്തുകാട്ടിയത്. പൊടുന്നനെ ഡ്രസ്സിംഗ് റൂമിലേക്ക് നടന്ന സമൻ ഇന്ത്യൻ ഫീൽഡർമാരെപോലെ തന്നെ ഡഗൗട്ടിലിരുന്ന പാക് ക്യാപ്റ്റൻ ബാബർ ആസാമിനെയും അത്ഭുതപ്പെടുത്തി. മത്സരത്തിൽ ബാറ്റിംഗിൽ വലിയ ഇംപാക്ട് ഉണ്ടാക്കാൻ സാധിച്ചില്ലെങ്കിലും  ഫഖറിന്റെ ഈ തീരുമാനത്തെ വളരെ മികച്ച രീതിയിലാണ് ക്രിക്കറ്റ്‌ ലോകം സ്വീകരിച്ചത്.

   

ഇത്ര പ്രാധാന്യമുള്ള മത്സരത്തിൽ നിർണായകമായ വിക്കറ്റായിരുന്നു ഫഖർ സമന്റേത്. ഫഖർ പുറത്തായതോടെ പാകിസ്ഥാൻ 43ന് 2എന്ന നിലയിൽ തകർന്നു. പിന്നീട് വന്ന പാക്ക് ബാറ്റർമാർക്കൊന്നും ടീമിനെ കരകയറ്റാൻ സാധിച്ചിരുന്നില്ല. ഇന്ത്യയുടെ അഞ്ചു വിക്കറ്റ് വിജയത്തിൽ സമന്റെ ഈ തീരുമാനം നിർണായകമായി.

Leave a Reply

Your email address will not be published. Required fields are marked *