വിൻഡീസിന്റെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ആൻഡ്രെ റസൽ. ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള ട്വന്റി20 ലീഗ്‌കളിൽ ആടിത്തിമർക്കുന്ന റസൽ ഐപിഎല്ലിന്റെയും ഭാഗംതന്നെയാണ്. ഇപ്പോൾ തുടർച്ചയായ ആറു ബോളുകളിൽ സിക്സർ നേടി ലോകക്രിക്കറ്റിനെ വിസ്മയിപ്പിക്കുകയാണ് റസൽ. വിൻഡീസിൽ നടക്കുന്ന 10 ഓവർ ടൂർണമെന്റായ 6ixtyയിലായിരുന്നു റസ്സൽ തന്റെ ഈ തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചത്.
ട്രിബാഗോ നൈറ്റ് റൈഡഴ്സിന്റെ സെന്റ് കിറ്റ്സിനെതിരായ മത്സരത്തിലായിരുന്നു ആൻഡ്രേ റസൽ അഴിഞ്ഞാടിയത്. മത്സരത്തിൽ 24 പന്തുകളിൽ 72 റൺസായിരുന്നു റസൽ നേടിയത്. ഇതിനിടെയാണ് തുടർച്ചയായ ആറു ബോളുകളിലും റസൽ സിക്സർ പായിച്ചത്. ഇന്നിങ്സിന്റെ ഏഴാം ഓവറിൽ ഡോമിനിക് ഡ്രെയ്‌ക്ക്സിനെതിരെയായിരുന്നു റസൽ സിക്സ്മേളയ്ക്ക് തുടക്കമിട്ടത്. ഏഴാം ഓവറിന്റെ അവസാന നാല് ബോളുകളിലും റസൽ സിക്സർ നേടി.
കൂടാതെ ജോൺ റസ്സ് എറിഞ്ഞ അടുത്ത ഓവറിലെ ആദ്യ രണ്ടു പന്തുകളും റസ്സൽ സിക്സർ പറത്തി. ഇങ്ങനെയാണ് തുടർച്ചയായ ആറു പന്തുകളിൽ റസൽ സിക്സർ നേടിയത്. മത്സരത്തിൽ ആകെ എട്ടു സിക്സറും അഞ്ചു ബൗണ്ടറികളുമാണ് റസൽ നേടിയത്. തുടർച്ചയായ സിക്സറുകൾക്ക് ശേഷം അതേ ഓവറിൽതന്നെ റസൽ പുറത്താക്കുകയും ചെയ്തു.
റസലിന്റെ ഈ മിന്നും ബാറ്റിംഗ് മികവിൽ നിശ്ചിത 10 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് ട്രിബാഗൊ നൈറ്റ് റൈഡഴ്സ് നേടിയത്. മറുപടി ബാറ്റിങ്ങിൽ സെന്റ് കിറ്റ്സും അടിച്ചുതകർക്കുകയുണ്ടായി. 15 പന്തുകളിൽ ഏഴ് സിക്സറുകളുടെ അകമ്പടിയോടെ 50 റൺസ് നേടിയ റൂഥർഫോർഡായിരുന്നു സെന്റ് കിറ്റ്സിന്റെ ശക്തി. എന്നിരുന്നാലും മത്സരത്തിൽ മൂന്ന് റൺസിന് സെന്റ് കിറ്റ്സിന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.
Andre Russell SIX SIXES off consecutive SIX balls in the SIXTY tournament.
8 SIXES and 5 FOURS.@TKRiders pic.twitter.com/jBKyzqwPOj
— 𝗔𝗱𝗶𝘁𝘆𝗮⎊ (@StarkAditya_) August 28, 2022