കുറച്ചധികം നാടകീയ സംഭവങ്ങളോടെയായിരുന്നു ഏഷ്യാകപ്പിലെ ആദ്യ മത്സരം നടന്നത്. ശ്രീലങ്കയും അഫ്ഗാനും തമ്മിൽ നടന്ന മത്സരത്തിൽ പൂർണമായും ശ്രീലങ്കൻ കോട്ടകൾ അഫ്ഗാൻ ബോളർമാർ തകർക്കുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ അതിനിടെ ശ്രീലങ്കൻ ബാറ്റർ നിസംഗയുടെ വിക്കറ്റ് വലിയ രീതിയിൽ വിവാദമായിരുന്നു. അമ്പയർ റിവ്യൂ തീരുമാനത്തിൽ ഒരുപാട് ചോദ്യങ്ങളും ലോകമെമ്പാടും ഉയരുകയും ചെയ്തു.
മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ശേഷം നവീൻ ഉൾ ഹഖേറിഞ്ഞ രണ്ടാം ഓവറിലാണ് സംഭവം അരങ്ങേറിയത്. രണ്ടാം ഓവറിലെ അവസാന ബോളിൽ നവീനെ അടിച്ചു തൂക്കാൻ നിസംഗ ശ്രമിച്ചു. എന്നാൽ നിസംഗയ്ക്ക് ബോളുമായി വേണ്ടരീതിയിൽ ബന്ധപ്പെടാൻ സാധിച്ചില്ല. ബോൾ കീപ്പറുടെ കൈകളിലെത്തി. അഫ്ഗാനിസ്ഥാൻ താരങ്ങൾ അപ്പീൽ ചെയ്യുകയും ഓൺഫീൽഡ് അമ്പയർ ഔട്ട് വിധിക്കുകയും ചെയ്തു.
എന്നാൽ നിസ്സംഗ ഈ തീരുമാനത്തിനെതിരെ റിവ്യൂ സിസ്റ്റം ഉപയോഗിച്ചു. റിവ്യൂവിൽ അൾട്രാ എഡ്ജ് പരിശോധിച്ചപ്പോൾ ബാറ്റിൽ ബോൾ കൊള്ളുന്ന പോയിന്റിൽ സാധാരണ സ്പൈക്ക് മാത്രമാണ് കാണാനായത്. സാധാരണയായി അൾട്രാ എഡ്ജിൽ ഇത്തരം സ്പൈക്കുകൾ ഉണ്ടാവാറുണ്ട്. എന്നാൽ അത്ഭുതപ്പെടുത്തിയ കാര്യം തേർഡ് അമ്പയർ ഇത് ഔട്ട് വിളിച്ചതാണ്. ക്ലിയറായി സ്പൈക്ക് ഇല്ലാതെ തേർഡ് അമ്പയർ എങ്ങനെയാണ് ഇത് ഔട്ട് വിളിച്ചതെന്ന് ആർക്കും മനസ്സിലായില്ല.
ശ്രീലങ്കൻ ഡ്രസ്സിങ് റൂമിലടക്കം ഈ തീരുമാനം വലിയ അത്ഭുതമുണ്ടാക്കി. വിവാദപരമായ ഈ തീരുമാനം പല ശ്രീലങ്കകാരെയും പ്രകോപിപ്പിച്ചു. സാമൂഹ്യമാധ്യമങ്ങളിലും മറ്റും ഈ അനീതിപരമായ തീരുമാനം ചർച്ചയാവുകയും ഉണ്ടായി. പലരും അത്ഭുതത്തോടെയാണ് ഇതിനെ നോക്കിക്കണ്ടത്. എന്തായാലും വരും ദിവസങ്ങളിൽ ഇത് വലിയ ചർച്ചയാവാനും സാധ്യതയുണ്ട്.