അങ്ങനെ 2022ലെ ഏഷ്യാകപ്പ് ഇന്ന് ആരംഭിക്കുകയാണ്. ആദ്യ മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയും യുവതാരങ്ങളുടെ ടീമായ അഫ്ഗാനിസ്ഥാനുമാണ് ഏറ്റുമുട്ടുക. ഇരുടീമുകളും ഏഷ്യാകപ്പിനുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചിട്ടുണ്ട്. ലോകക്രിക്കറ്റിനെ ഞെട്ടിച്ച സ്പിന്നർ റാഷിദ് ഖാനാണ് അഫ്ഗാൻ ടീമിന്റെ നട്ടെല്ല്. ഇന്ത്യൻ പ്രീമിയർ ലീഗ് അടക്കമുള്ള ഒരുപാട് ലോകോത്തര ടൂർണ്ണമെന്റുകളിൽ കളിച്ചിട്ടുള്ള റാഷിദ് ഏഷ്യകപ്പിലും തീയായി മാറുമെന്നാണ് പ്രതീക്ഷ. ഈ പ്രതീക്ഷകൾ വർധിപ്പിക്കുന്ന ഒരു വീഡിയോയാണ് റാഷിദ് ഖാൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ കഴിഞ്ഞദിവസം പുറത്തുവിട്ടത്.
മത്സരത്തിന് മുന്നോടിയായുള്ള നെറ്റ് സെഷനിൽ പവർ ഷോട്ടുകൾ കളിക്കുന്ന റാഷിദ് ഖാന്റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മൈതാനത്തിന് നാലു വശങ്ങളിലേക്കും റാഷിദ് സിക്സർ പായിക്കുന്നുണ്ട് വീഡിയോയിൽ. ഇതിൽ ഹെലികോപ്റ്റർ ഷോട്ട് പോലും ഉൾപ്പെടുന്നു എന്നതാണ് അതിശയം. മത്സരത്തിനുള്ള മുന്നൊരുക്കങ്ങൾ എന്ന ശീർഷകത്തിലായിരുന്നു റാഷീദ് ഈ വീഡിയോ തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടിൽ ഷെയർ ചെയ്തത്.
കഴിഞ്ഞ കുറച്ചു മത്സരങ്ങളായി മികച്ച ഫോമിൽ തന്നെയാണ് റാഷിദ് ഖാൻ പന്തെറിയുന്നത്. ഹൺഡ്രഡ്സ് ക്രിക്കറ്റിൽ ലണ്ടൻ ടീമിനെതിരെ മൂന്ന് വിക്കറ്റുകൾ റാഷിദ് വീഴ്ത്തിയിരുന്നു. കൂടാതെ അഫ്ഗാനിസ്ഥാന്റെ അയർലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങളിലും റാഷിദ് മൂന്ന് വിക്കറ്റുകൾ വീതം പിഴുതിരുന്നു.
അങ്ങനെ ഏറ്റവും മികച്ച ഫോമിൽ തന്നെയാണ് റാഷിദ് ഖാൻ ഏഷ്യകപ്പിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. ഇന്നു വൈകിട്ട് 7 30നാണ് ഏഷ്യാകപ്പിലെ ആദ്യമത്സരം നടക്കുന്നത്. ശ്രീലങ്കയിൽ നടക്കുന്ന മത്സരത്തിന് ദുബായിയാണ് വേദിയാവുക. ഗ്രൂപ്പ് ബിയിൽ ശ്രീലങ്കയ്ക്കൊപ്പം ബംഗ്ലാദേശാണ് അഫ്ഗാൻ ടീമിന്റെ മറ്റൊരു എതിരാളി. എന്തായാലും മത്സരത്തിൽ റാഷിദ് ഖാൻ തന്റെ സ്പിൻ മാന്ത്രികത ആവർത്തിക്കുമെന്നാണ് പ്രതീക്ഷ.
View this post on Instagram