നാളെ നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിലെ ഏറ്റവും വലിയ നഷ്ടം ഇരുടീമുകളുടെയും സീം ബോളർമാരുടെ അഭാവം തന്നെയാണ്. ഇന്ത്യയെ സംബന്ധിച്ച് സ്റ്റാർ പേസർ ജസ്‌പ്രിത് ബുമ്രയുടെ അഭാവം വലയ്ക്കുമ്പോൾ, പാകിസ്താനെ സംബന്ധിച്ച് ഷാഹിൻ അഫ്രീദിയുടെ അഭാവം ആശങ്കയുണർത്തുന്നു. പാകിസ്താൻ ബോളിംഗ് നിരയുടെ നട്ടെല്ലാവേണ്ട അഫ്രീദി പരിക്കുമൂലം ടൂർണ്ണമെന്റിൽ നിന്നും മാറിനിൽക്കുകയായിരുന്നു. ഷാഹിൻ അഫ്രീദി പാകിസ്താൻ ടീമിൽ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യൻ ടീമിന് അതൊരു നല്ല.
എക്സ്പീരിയൻസായേനെ എന്നാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെഎൽ രാഹുൽ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. “ഞങ്ങളുടെ മനോഭാവം നിലവാരമുള്ള ബോളർമാർക്കെതിരെ ബാറ്റ് ചെയ്യണം എന്നത് തന്നെയാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഷാഹിൻ അഫ്രീദിയുടെ പ്രകടനങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അയാൾ ഒരു ലോകോത്തര നിലവാരമുള്ള ബോളർ തന്നെയാണ്. നിലവിൽ ഇടങ്കയ്യൻ ബോളർമാരാണ് ലോകക്രിക്കറ്റിൽ ബാറ്റർമാർക്ക് പ്രശ്നങ്ങളുണ്ടാക്കുന്നത്.
അതിനാൽതന്നെ മത്സരത്തിൽ ഷാഹിൻ അഫ്രീദി ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾക്ക് അതൊരു നല്ല എക്സ്പീരിയൻസ് തന്നെയായേനെ. നിർഭാഗ്യവശാൽ അയാളെ പരിക്ക് പിടികൂടി.”-രാഹുൽ പറയുന്നു. “ഒരു ക്രിക്കറ്റർ എന്ന നിലയിൽ പരിക്കുകളോട് പോരാടേണ്ടത് അത്യാവശ്യം തന്നെയാണ്. കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളിൽ ഞാനും ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. വേദനയുടെ നിരാശയ്ക്കപ്പുറം മത്സരങ്ങൾ കളിക്കാൻ സാധിക്കാത്തതിന്റെ നിരാശയാണ് പ്രശ്നം.
ഷാഹിൻ അഫ്രീദിയ്ക്ക് ഈ ഇന്ത്യാ-പാക് മത്സരത്തിൽ കളിക്കാൻ വളരെയേറെ ആഗ്രഹമുണ്ടായിരുന്നു. എന്തായാലും നിർഭാഗ്യമാണ്.”- രാഹുൽ കൂട്ടിച്ചേർത്തു. 2021 ട്വന്റി20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിൽ ഷാഹിൻ അഫ്രീദിയായിരുന്നു ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. മത്സരത്തിൽ 31 റൺസ് മാത്രം വിട്ടുനൽകി മൂന്ന് വിക്കറ്റുകളായിരുന്നു അഫ്രീദി സ്വന്തമാക്കിയത്. ഇതിൽ വിരാട് കോഹ്ലി, രോഹിത് ശർമ, കെ എൽ രാഹുൽ എന്നിവരുടെ വിക്കറ്റുകളും ഉൾപ്പെട്ടിരുന്നു.