നാളെ നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിനുള്ള മുന്നൊരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. ഇരുടീമുകളും തങ്ങളുടെ മുഴുവൻ അസ്ത്രങ്ങളുമെടുത്ത് പ്രയോഗിക്കാൻ തയ്യാറാകുമ്പോൾ മത്സരം കൊഴുക്കുമെന്നത് ഉറപ്പാണ്. മത്സരത്തിനുള്ള പരിശീലനങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ മറ്റൊരു നെറ്റ് സെഷൻ വീഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ് ബിസിസിഐ ഇപ്പോൾ. രവീന്ദ്ര ജഡേജയും റിഷാഭ് പന്തും നെറ്റ്സിൽ അടിച്ചുതകർക്കുന്ന വീഡിയോയാണ് ബിസിസിഐ പുറത്തുവിട്ടിരിക്കുന്നത്.
ബിസിസിഐ റിലീസ് ചെയ്ത വീഡിയോയിൽ പന്തും ജഡേജയും ആക്രമണോത്സുക ബാറ്റിംഗ് രീതി പരിശീലിക്കുന്നതാണ് ഉള്ളടക്കം. ബോളുകൾ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഇരുവരും അടിച്ചുതൂക്കുന്നു. ജഡേജ തന്റെ പവർ ഹിറ്റിങ്ങിൽ ശ്രദ്ധ ചെലുത്തുമ്പോൾ, സ്ട്രേറ്റ് ഹിറ്റുകൾക്കാണ് വീഡിയോയിൽ പന്ത് പ്രാധാന്യം നൽകുന്നത്. കൂടാതെ പന്തിന്റെ ഒറ്റക്കയ്യൻ സിക്സറും വീഡിയോയിലെ പ്രധാന ഭാഗമാണ്.
ജഡേജയും റിഷാഭ് പന്തും ഇന്ത്യയുടെ ഫിനിഷിംഗ് റോളിൽ തന്നെയാവും മത്സരത്തിൽ കളിക്കുക. അതിനാൽതന്നെ വമ്പൻ ഷോട്ടുകൾ പരിശീലിക്കുന്നതിന്റെ പ്രാധാന്യം വളരെ വലുതാണ്. ഇരുവരും ചേർന്ന് ഇന്ത്യക്കായി 45 സിക്സറുകളാണ് ട്വന്റി20യിൽ നേടിയിട്ടുള്ളത്. സിംബാബ്വെക്കെതിരെയുള്ള പരമ്പരയിൽ ഇരുവർക്കും വിശ്രമം അനുവദിച്ചിരുന്നതിനാൽ, പാകിസ്താനെതിരായ മത്സരത്തിൽ പൂർണമായ ഫോം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.
ഇന്ത്യ നിലവിൽ പിന്തുടരുന്ന ആക്രമണോത്സുക രീതിതന്നെയാണ് കളിക്കാരുടെ നെറ്റ് സെഷനിലും കാണാനാവുന്നത്. നേരത്തെ രോഹിത് ശർമയും വിരാട് കോഹ്ലിയും നെറ്റിൽ കൂറ്റനടികൾ നടത്തുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഇക്കാരണങ്ങൾ കൊണ്ടൊക്കെയും ആക്രമണ തന്ത്രങ്ങൾ തന്നെയാവും പാകിസ്ഥാനെതിരെ ഇന്ത്യ പ്രയോഗിക്കുക എന്നത് ഉറപ്പാണ്. എന്തായാലും എല്ലാ കണ്ണുകളും നാളെ നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിലേക്ക് തന്നെയാണ്.
Whack Whack Whack at the nets 💥 💥, courtesy @imjadeja & @RishabhPant17 👌👌#TeamIndia | #AsiaCup2022 | #AsiaCup pic.twitter.com/FNVCbyoEdn
— BCCI (@BCCI) August 26, 2022