ഇന്ത്യയുടെ ഏഷ്യാകപ്പ് സ്‌ക്വാഡിലെ നഷ്ടങ്ങളുടെ കണക്കെടുത്താൽ ആദ്യ സ്ഥാനത്ത് വരുന്ന ക്രിക്കറ്ററാണ് സഞ്ജു സാംസൺ. കഴിഞ്ഞ കുറച്ചധികം മത്സരങ്ങളിൽ തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് ഖേദകരമാണ്. ഇന്ത്യയുടെ കഴിഞ്ഞ രണ്ട് പരമ്പരകളിലും സഞ്ജു കിട്ടിയ അവസരങ്ങൾ വളരെ മികച്ച രീതിയിൽ തന്നെ ഉപയോഗിച്ചിരുന്നു. 2022 ഏഷ്യകപ്പിലേക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ കെ എൽ രാഹുലിന് പകരം സഞ്ജു സാംസണെ ഉൾപ്പെടുത്തേണ്ടിയിരുന്നു എന്നാണ് മുൻ പാക് താരം ഡാനിഷ് കനേറിയയുടെ അഭിപ്രായം. കഴിഞ്ഞ കുറച്ചധികം മത്സരങ്ങളിലെ സഞ്ജുവിന്റെ മികച്ച പ്രകടനങ്ങളാണ് കനെറിയയുടെ ഈ അഭിപ്രായത്തിന് കാരണം.
“സഞ്ജു സാംസണ് ഏഷ്യാകപ്പിൽ കളിക്കാൻ അവസരങ്ങൾ നൽകേണ്ടതായിരുന്നു. ഇന്ത്യയ്ക്ക് കെ എൽ രാഹുലിനുപകരം സഞ്ജുവിനെ ഉൾപ്പെടുത്താമായിരുന്നു. രാഹുലിന് വിശ്രമം അനുവദിക്കുകയായിരുന്നെങ്കിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനും ഇത് സഹായകരമായേനെ”- ഡാനിഷ് കനേറിയ പറയുന്നു.
“കെ എൽ രാഹുൽ വലിയ പരിക്കിൽ നിന്നാണ് വരുന്നത്. അതിനു ശേഷം അയാൾ സിംബാബ്വെയിലേക്ക് പോയി. ശേഷം ഇത്ര നേരത്തെ ഏഷ്യാകപ്പ് സ്ക്വാഡിലെത്തി. ഇന്ത്യയ്ക്ക് സഞ്ജു സാംസണെപോലെ ഒരു മികച്ച കളിക്കാരൻ ഉണ്ടായിരുന്നു. അയാൾ വളരെ നന്നായി കഴിഞ്ഞ മത്സരങ്ങളിൽ കളിച്ചു. അതിനാൽ സഞ്ജുവിനെ സ്ക്വാഡിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു”- കനേരിയ കൂട്ടിച്ചേർക്കുന്നു.
ഇതോടൊപ്പം സഞ്ജു സാംസണ് ടീമിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാത്തതിനെപറ്റിയും കനേറിയ പറയുകയുണ്ടായി. “സാംസണ് സ്ഥിരമായി ഇന്ത്യക്കായി കളിക്കാൻ അവസരങ്ങൾ ലഭിച്ചില്ല. അയാൾ സ്‌ക്വാഡിൽ വന്നും പോയീം നിന്നു. ഇപ്പോൾ രാഹുൽ ദ്രാവിഡിന് സാംസന്റെ കഴിവിനെക്കുറിച്ച് ബോധ്യമുള്ളതിനാലാണ് അയാൾക്ക് അവസരങ്ങൾ ലഭിച്ചത്. “- കനേറിയ പറഞ്ഞുവയ്ക്കുന്നു.