കുട്ടിക്രിക്കറ്റിന് പേരുകേട്ട സ്ഥലമാണ് വിൻഡിസ്. വമ്പൻമാരായ കുറെയധികം ക്രിക്കറ്റർമാർ വിൻഡീസിന്റെ സംഭാവനയാണ്. കരീബിയൻ പ്രീമിയർ ലീഗ് പോലെയുള്ള ട്വന്റി20 ടൂർണമെന്റുകൾക്ക് മികച്ച ആരാധക വൃന്ദങ്ങൾ ലോകത്താകമാനമുള്ളതും വിൻഡീസ് ടീമിലെ വമ്പന്മാരോട് ആളുകൾക്കുള്ള ആരാധന സൂചിപ്പിക്കുന്നു. ഇപ്പോൾ കുട്ടിക്രിക്കറ്റിന്റെ മറ്റൊരു രൂപം എത്തുകയാണ് വിൻഡീസിൽ.”6ixty”എന്ന് പേരിട്ടിരിക്കുന്ന ടൂർണമെന്റാണ് ഇപ്പോൾ ആരംഭിക്കാൻ പോകുന്നത്.
ക്രിക്കറ്റ് വിൻഡീസും സിപിഎല്ലും ചേർന്ന് നടത്തുന്ന ടൂർണമെന്റ് ആഗസ്റ്റ് 25നാണ് ആരംഭിക്കുന്നത്. ഒരുപാട് പുതുമകൾ അവകാശപ്പെടാനുള്ള ടൂർണമെന്റിൽ 6 ടീമുകളാണ് പരസ്പരം ഏറ്റുമുട്ടുന്നത്. പുരുഷന്മാർക്കൊപ്പം വനിതാ 6ixty ടൂർണമെന്റും നടക്കുന്നുണ്ട്. വ്യത്യസ്തമായ ഒരുപാട് നിയമങ്ങൾക്കൊണ്ട് ശ്രദ്ധേയമായ പരമ്പര മൂന്നു ദിവസം മാത്രമാണ് നീണ്ടുനിൽക്കുന്നത്.
ജേസൺ ഹോൾഡർ, കീറോൺ പൊള്ളാർഡ്, ആൻഡ്രേ റസൽ, സുനിൽ നരൈൻ, ക്രിസ് ഗെയ്ൽ, ഹെറ്റ്മെയർ തുടങ്ങി ഒരുപാട് വമ്പന്മാരാണ് ടൂർണ്ണമെന്റിൽ കളിക്കുന്നത്. വിൻഡിസ് കളിക്കാർക്കൊപ്പം മറ്റു രാജ്യങ്ങളുടെ താരങ്ങളും ടൂർണ്ണമെന്റിൽ അണിനിരക്കും. ഒരു ചെറിയ ഇടവേളക്കുശേഷം യൂണിവേഴ്സൽ ബോസ്സ് ക്രിസ് ഗെയ്ലിന്റെ തിരിച്ചരിവിന് കൂടെയാണ് ടൂർണമെന്റ് സാക്ഷിയാകുന്നത്.
6ixty ടൂർണമെന്റിൽ ബോൾ ചെയ്യുന്നതിനെക്കുറിച്ച് ഗെയ്ൽ സംസാരിക്കുകയുണ്ടായി. എന്തായാലും വമ്പൻമാർ അണിനിരക്കുന്ന വമ്പൻ ടൂർണമെന്റിനായി കാത്തിരിക്കുകയാണ് ആരാധകർ. നിലവിൽ വിൻഡിസ് ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുന്ന ക്രിസ് ഗെയ്ലിനു, തന്റെ പ്രഹരശേഷി പുറത്തെടുത്ത് അടുത്ത ട്വന്റി20 ലോകകപ്പിനായുള്ള വിൻഡിസ് ടീമിൽ കയറിപ്പറ്റാനുള്ള അവസരം കൂടെയാണ് 6ixty ഒരുക്കുന്നത്. 25,26,27,28 തീയതികളിൽ ഇന്ത്യൻ സമയം വൈകിട്ട് 7.30 നും രാത്രി 10 മണിക്കുമാണ് മത്സരങ്ങൾ നടക്കുക.