ഇന്ത്യൻ ടീമിനുമേൽ മറ്റ് ടീമുകൾ പ്രഹരം ഏൽപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഓസ്ട്രേലിയയെ പോലുള്ള രാജ്യങ്ങൾ തങ്ങളുടെ പ്രതാപംകൊണ്ട് കളംനിറഞ്ഞ ഒരു സമയം. പലതരം സ്ലെഡ്ജിങ്ങുകൾ കണ്ടിട്ടും അന്ന് മുഖംകുനിഞ്ഞ് നടന്ന ഒരുപാട് ഇന്ത്യൻ ക്രിക്കറ്റർമാരുണ്ട്. എന്നാൽ അവരിൽ നിന്ന് വേറിട്ടൊരു മുഖമായിരുന്നു ഗൗതം ഗംഭീർ. അടിക്ക് തിരിച്ചടി, ഭീഷണിയ്ക്ക് തിരിച്ചു മറുപടി.. ഇങ്ങനെ ആരെയും വിരട്ടിയിരുന്ന, മൈതാനത്ത് തന്റെ ദേഷ്യങ്ങൾ കൃത്യമായി എടുത്തിരുന്ന ഇന്ത്യൻ ബാറ്റരായിരുന്നു ഗംഭീർ.
ഒരു ടെക്സ്റ്റൈൽ ഷോപ്പ് ഉടമകളായ ദമ്പതിമാർക്ക് 1981ൽ ന്യൂഡൽഹിയിൽ വച്ചായിരുന്നു ഗൗതം ഗംഭീർ ജനിച്ചത്. തന്റെ 10ആം വയസ്സിലാണ് ഗംഭീർ ആദ്യമായി ക്രിക്കറ്റ് കളിച്ചുതുടങ്ങിയത്. അങ്ങനെ 2000ൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഗംഭീറിന് സെലക്ഷൻ ലഭിക്കുകയുണ്ടായി. പതിയെ ഗംഭീർ ദേശീയ ടീമിലേക്ക് ചുവടുവയ്ക്കാൻ തുടങ്ങി. വളരെ മൃദുവായ സമീപനരീതിയായിരുന്നു ഗംഭീറിന്റെ ബാറ്റിംഗ് പ്രത്യേകത.
ഇന്ത്യയ്ക്കായി 2003ലാണ് ഗംഭീർ തന്റെ ആദ്യ ഏകദിനമത്സരം കളിച്ചത്. പ്രധാനമായും ഓപ്പണർ റോളിലായിരുന്നു ഇന്ത്യ ഗംഭീറിനെ ഉപയോഗിച്ചത്. സേവാഗ് എന്ന വെടിക്കെട്ട് ഓപ്പണർക്കൊപ്പം ഗംഭീറും നിറഞ്ഞാടിയിരുന്നു. ഇന്ത്യ ലോകകപ്പ് നേടിയ രണ്ട് സാഹചര്യങ്ങളിലും നിർണായക ഘടകമായി ഗംഭീർ മാറി. 2007 പ്രാഥമിക ലോകകപ്പ് ഫൈനലിൽ 75 റൺസും 2011ലെ ലോകകപ്പ് ഫൈനലിൽ 97 റൺസും നേടിയ ഗംഭീർ ഇന്ത്യയെ ജേതാക്കളാക്കി. ഇതോടൊപ്പം 2010 മുതൽ 2011വരെ 6 ഏകദിനങ്ങളിൽ ഗംഭീർ ഇന്ത്യയെ നയിച്ചിരുന്നു.
ഇന്ത്യക്കായി 58 ടെസ്റ്റുകളിൽ നിന്ന് 4154 റൺസും, 147 ഏകദിനങ്ങളിൽ നിന്ന് 5238 റൺസും 37 ട്വന്റി20കളിൽ നിന്ന് 932 റൺസും ഗംഭീർ നേടിയിട്ടുണ്ട്. ആഭ്യന്തരക്രിക്കറ്റിൽ ഡൽഹി, കൊൽക്കത്ത ടീമുകൾക്കുവേണ്ടി ആയിരുന്നു ഗംഭീർ കളിച്ചത്. എന്തായാലും ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓപ്പണർമാരിൽ ഒരാൾ തന്നെയായിരുന്നു ഗംഭീർ.