ചിതയിൽ നിന്നുയരുന്ന പ്രതീതി. അതൊരു വല്ലാത്ത ചിന്ത തന്നെയാണ്.ഒരാൾ ലൈംലൈറ്റിൽ നിന്ന് എന്നന്നേക്കുമായി ഇല്ലാതായി എന്ന് വിചാരിച്ചിരുന്ന സമയത്ത് ഫിനിക്സ് പറവയെപോലെ അയാൾ തിരിച്ചെത്തുന്നു. ആ ഹീറോയിസത്തിന് ക്രിക്കറ്റ് ലോകം നൽകിയ പേരായിരുന്നു ദിനേശ് കാർത്തിക്. പലകാരണങ്ങൾകൊണ്ടും നിഴലാക്കപ്പെട്ട കരിയറിൽ ശോഭ ചാർത്തിയത് അയാളുടെ ബാറ്റിംഗ് പ്രകടനങ്ങളും ആത്മവിശ്വാസവും തന്നെയായിരുന്നു.
1985ൽ തമിഴ്നാട്ടിലെ ചെന്നൈയിലായിരുന്നു ദിനേശ് കാർത്തിക് ജനിച്ചത്. തന്റെ പത്താം വയസ്സിൽ കാർത്തിക്ക് ക്രിക്കറ്റ് കളിച്ചുതുടങ്ങി. ചെന്നൈയിലെ ആദ്യ ഡിവിഷൻ ക്രിക്കറ്റായിരുന്ന പിതാവിന്റെ പരിശീലനത്തിലാണ് കാർത്തിക്ക് കളി തുടങ്ങിയത്. പിന്നീട് തമിഴ്നാട്ടിലെ വിവിധ ടീമുകളിലേക്ക് കാർത്തിക്കിന് ക്ഷണം ലഭിക്കാൻ തുടങ്ങി. 2000-2001 സീസണിലായിരുന്നു കാർത്തിക്ക് അണ്ടർ 19 മത്സരങ്ങൾ കളിക്കാൻ ആരംഭിച്ചത്. തമിഴ്നാടിനുവേണ്ടി 2002 മുതൽ വിക്കറ്റ് കീപ്പറായി കളിച്ച ദിനേഷ് കാർത്തിക്കിന് 2004ലാണ് ഇന്ത്യൻ ദേശീയ ടീമിലേക്ക് വിളിവന്നത്.
എന്നാൽ ദേശീയ ടീമിൽ കാർത്തിക്കിന്റെ സ്ഥാനം സുരക്ഷിതമായിരുന്നില്ല. അന്നത്തെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്ന പാർഥിവ് പട്ടേലിന് പകരമായിരുന്നു കാർത്തിക്ക് ടീമിലെത്തിയത്. സ്ഥിരത കണ്ടെത്താൻ കാർത്തിക്ക് വിഷമിച്ചതോടെ ഇന്ത്യ മറ്റു വഴികൾ തേടി. ധോണി ഇന്ത്യൻ ടീമിലെത്തിയത് കാർത്തിക്കിന് വലിയ തിരിച്ചടിയായി. ഇന്ത്യ പൂർണമായും ധോണിയെ വിക്കറ്റ് കീപ്പർ ബാറ്ററും ക്യാപ്റ്റനുമാക്കി മാറ്റിയതോടെ കാർത്തിക്ക് ടീമിലെ അഥിതിയായി. എന്നാൽ കിട്ടിയ അവസരങ്ങൾ ഇന്ത്യക്കായി നന്നായി മുതലാക്കിയ കാർത്തിക്ക് വർഷങ്ങൾക്കിപ്പുറവും ഒരുഗ്രൻ തിരിച്ചുവരവാണ് നടത്തിയത്.
ഇന്ത്യയ്ക്ക് പുറമെ തമിഴ്നാട്, ഡൽഹി, പഞ്ചാബ്, മുംബൈ, ബാംഗ്ലൂർ, കൊൽക്കത്ത തുടങ്ങി ആഭ്യന്തരക്രിക്കറ്റിൽ ഒരുപാട് ടീമുകൾക്കായി കാർത്തിക്ക് കളിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കായി 26 ടെസ്റ്റ് മത്സരങ്ങളിൽ നീന്ന് 1025 റൺസും, 94 ഏകദിനങ്ങളിൽ നിന്ന് 1752 റൺസും, 47 ട്വന്റി20കളിൽ നിന്ന് 591 റൺസും കാർത്തിക്ക് നേടി. ഈ ഏഷ്യാക്കപ്പിൽ മികച്ച പ്രകടനത്തോടെ കാർത്തിക്ക് ഇന്ത്യൻ ടീമിന്റെ സ്ഥിരം കളിക്കാരനാകും എന്നാണ് പ്രതീക്ഷ.