ഏഷ്യാകപ്പിൽ എല്ലാവരും ഉറ്റു നോക്കുന്ന മത്സരമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടക്കാൻ പോകുന്നത്. ഓഗസ്റ്റ് 28ന് നടക്കുന്ന ഈ മത്സരത്തിൽ പ്രധാനപ്പെട്ട ഒന്ന് ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് ബാറ്റർമാരായ വിരാട് കോഹ്ലിയും ബാബർ ആസാമും നേർക്കുനേർ വരുന്നു എന്നതാണ്. ഇരുവരുടെയും നിലവിലെ ഫോം കണക്കിലെടുത്താൽ ബാബറിനാണ് മുൻതൂക്കമെങ്കിലും ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോഴൊക്കെ കോഹ്ലി തന്നെയാണ് വീര്യം കാട്ടിയത്. ബാബർ അസമിനെക്കാളും മികച്ച ബാറ്റർ തനിക്ക് വിരാട് കോഹ്ലിയാണെന്നാണ് മുൻ ഇന്ത്യൻ താരം സാബാ കരീം ഇപ്പോൾ പറഞ്ഞിരിക്കുന്നത്.
“പരിചയസമ്പന്നതയെ കുറിച്ച് സംസാരിക്കുമ്പോൾ ബാബർ ആസ്സാമിനെക്കാൾ മികച്ചത് കോഹ്ലി തന്നെയാണ്. അയാൾ ഒരുപാട് ലോകകപ്പ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2016 ലോകകപ്പിലടക്കം അയാളുടെ വീര്യം ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ്. എന്റെ ഓർമ്മ ശരിയാണെങ്കിൽ 2016 ലോകകപ്പിൽ എല്ലാ മത്സരങ്ങളിലും നന്നായി സംഭാവന ചെയ്ത ബാറ്റർ കോഹ്ലി മാത്രമാണ്.
കൂടാതെ സാഹചര്യമനുസരിച്ച് തന്റെ ഗെയിം പ്ലാൻ മാറ്റാനും, മികച്ച ഇന്നിങ്സുകൾ കളിക്കാനും കോഹ്ലിയ്ക്ക് സാധിക്കും.” കരീം പറയുന്നു.”കഴിഞ്ഞ ലോകകപ്പൊഴികെ ബാക്കി എല്ലാട്വന്റി20 ലോകകപ്പിലും കോഹ്ലി നന്നായി റൺസ് നേടിയിട്ടുണ്ട്. പാകിസ്ഥാനെതിരെ എല്ലാ മത്സരത്തിലും അയാൾ തകർത്താടി. മൂന്നാം നമ്പറിൽ ഉത്തരവാദിത്വത്തോടെ തന്നെയാണ് കോഹ്ലി ഇതുവരെ കളിച്ചിട്ടുള്ളത്.
അതിനാൽ ബാബർ അസമിനെക്കാൾ മികച്ച ബാറ്ററായി ഞാൻ തിരഞ്ഞെടുക്കുന്നത് കോഹ്ലിയെ തന്നെയാണ്.”” കരീം കൂട്ടിച്ചേർത്തു. ഇതോടൊപ്പം നിലവിലെ കോഹ്ലിയുടെയും രാഹുലിന്റെയും ഫോമിൽ സാബാ കരീം തന്റെ ആശങ്കയും അറിയിക്കുകയുണ്ടായി. ഇരുവരും ഏഷ്യാകപ്പിലൂടെ ഫോം തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെന്റെന്നും അദ്ദേഹം പറയുന്നു. എന്തായാലും ഏഷ്യാകപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ ഇക്കര്യങ്ങളൊക്കെ നിർണായകം തന്നെയാണ്.