ഏഷ്യാകപ്പിന് മുമ്പ് ഇന്ത്യക്ക് വൻ തിരിച്ചടി. ഇന്ത്യയുടെ ടീം ഹെഡ്ഡ് കോച്ചായ രാഹുൽ ദ്രാവിഡിന് ഇന്ന് കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിൽ മറ്റുള്ള ടീമംഗങ്ങൾക്കൊപ്പം ദുബായിലേക്ക് യാത്ര ചെയ്യാൻ രാഹുലിന് സാധിക്കില്ല. ചെറിയ ലക്ഷണങ്ങൾ മാത്രമാണ് ദ്രാവിഡിനുള്ളത്. എന്തായാലും രണ്ടുദിവസത്തിനുശേഷമാണ് ഇനി ദ്രാവിഡിന് RTPCR ടെസ്റ്റുള്ളത്. അതുവരെ ഇന്ത്യയുടെ ബോളിങ് കോച്ചാണ് ടീമിനൊപ്പം തുടരുക.
ദ്രാവിഡിന്റെ അഭാവത്തിൽ വിവിഎസ് ലക്ഷ്മൺ മാത്രമാണ് ഇന്ത്യയ്ക്ക് മുൻപിൽ ഇപ്പോൾ ഉള്ള ഓപ്ഷൻ. ഇന്ത്യയുടെ സിംബാബ്വെ പര്യാടനത്തിൽ ലക്ഷ്മണായിരുന്നു ഹെഡ് കോച്ച്. രണ്ടു ദിവസത്തിനു ശേഷമുള്ള ദ്രാവിഡിന്റെ ടെസ്റ്റ് ഫലം പുറത്തുവന്നതിന് ശേഷമാവും ബിസിസിഐ മുന്നോട്ടുള്ള തീരുമാനങ്ങളെടുക്കുക. ദ്രാവിഡിന്റെ അഭാവമുണ്ടായാൽ ലക്ഷ്മൺ തന്നെ ദുബായിൽ ടീമിനൊപ്പം ചേരാനാണ് സാധ്യത.
“ഇന്ത്യൻ ടീമിന്റെ ഹെഡ്കോച്ച് രാഹുൽ ദ്രാവിഡിന് കോവിഡ് 19 പോസിറ്റീവ് സ്ഥിതീകരിച്ചു. ഏഷ്യാകപ്പിനായി യുഎഇയിലേക്ക് തിരിക്കുന്നതിനു മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ ബിസിസിഐ മെഡിക്കൽ ടീമിനോപ്പമാണ് ദ്രാവിഡ് ഉള്ളത്. കോവിഡ് നെഗറ്റീവായ ശേഷം ദ്രാവിഡ് ഇന്ത്യൻ ടീമിനൊപ്പം ചേരുന്നതാണ്. ബാക്കി ടീമംഗങ്ങൾ 23ന് തന്നെ യുഎഇയിലേക്ക് തിരിയ്ക്കും”- ബിസിസിഐ അറിയിച്ചു.
ട്വന്റി 20 ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന ടൂർണമെന്റാണ് ഏഷ്യാകപ്പ്. അതിനാൽതന്നെ ഇന്ത്യയ്ക്ക് ഏഷ്യാകപ്പ് വളരെ നിർണായകമായ ടൂർണമെന്റാണ്. ഈ മാസം 28നാണ് ഇന്ത്യയുടെ ഏഷ്യാകപ്പ് ക്യാമ്പയിൻ ആരംഭിക്കുന്നത്. പാകിസ്ഥാനെതിരെ യാണ് ഏഷ്യാകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ ഏഷ്യാകപ്പിൽ ദ്രാവിഡിന്റെ സാന്നിധ്യം ഇന്ത്യൻ ടീമിന് വളരെ നിർണായകമാണ്.