ഇന്ത്യൻ നിരയിൽ നിലവിൽ ഏറ്റവുമധികം പ്രയാസകരമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന ക്രിക്കറ്ററാണ് സഞ്ജു സാംസൺ. പലപ്പോഴും അവസരങ്ങൾ ലഭിക്കാതെ വരികയും സ്ഥിരമായി ടീമിൽ ഇടം കണ്ടെത്താൻ സാധിക്കാതെ വരികയും ചെയ്യുന്നത് സഞ്ജുവിന്റെ കരിയറിൽ സാധാരണകാര്യമായി മാറിയിരിക്കുന്നു. കിട്ടിയ അവസരങ്ങൾ ഭേദപ്പെട്ട രീതിയിൽ വിനിയോഗിച്ചിട്ടും ടീമിൽ തുടരാനാവാത്തത് സഞ്ജുവിന്റെ കരിയറിനെ ബാധിക്കുന്നുണ്ട്. എന്നിരുന്നാലും താനിതിനെ പോസിറ്റീവ് ചിന്താഗതിയോടെ നേരിടുമെന്നാണ് സഞ്ജു പറഞ്ഞിരിക്കുന്നത്.
“ജീവിതത്തിലും കരിയറിലും എന്തൊക്കെ പ്രയാസങ്ങൾ കടന്നുപോയാലും നമ്മൾ അത് പോസിറ്റീവായി തന്നെ കാണണം എന്നതാണ് എന്റെ അഭിപ്രായം.” സഞ്ജു മൂന്നാം ഏകദിനത്തിൽ മുമ്പ് അഭിമുഖത്തിൽ വെളിപ്പെടുത്തുകയുണ്ടായി. 2015ൽ സിംബാബ്വെക്കെതിരെ അരങ്ങേറ്റം കുറിച്ച സഞ്ജു ഇതുവരെ ഏഴ് ഏകദിനങ്ങളും 16 ട്വന്റി20കളും മാത്രമാണ് കളിച്ചിട്ടുള്ളത്.
ടീമിൽ സ്ഥിരമായി ഇടംകണ്ടെത്താൻ സാധിക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ സഞ്ജുവിന്റെ മറുപടി ഇങ്ങനെയായിരുന്നു. “അത് വളരെ പ്രയാസകരമാണ്. പ്രത്യേകിച്ച് നമ്മുടെ എല്ലാ കൂട്ടുകാരും ടീമിൽ കളിക്കുകയും നമ്മൾ കളിക്കാതിരിക്കുകയും ചെയ്യുമ്പോൾ തീർച്ചയായും നമുക്ക് ബുദ്ധിമുട്ടുണ്ടാവും.” സഞ്ജു സാംസൺ കൂട്ടിച്ചേർക്കുന്നു. ഇതോടൊപ്പം തന്റെ ആരാധക വൃന്തങ്ങളെ പറ്റിയും സൂചിപ്പിക്കാൻ സഞ്ജു മറന്നില്ല. “ഇത്ര ചെറിയ മത്സരങ്ങൾ മാത്രമേ ഞാൻ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളൂ. എന്നിട്ടും ഇത്രയധികം പിന്തുണ ലഭിക്കുന്നത് എനിക്ക് അത്ഭുതമാണ്.” സഞ്ജു സൂചിപ്പിച്ചു.
“ആളുകൾ ചേട്ടാ ചേട്ടാ എന്ന് വിളിക്കുമ്പോൾ എനിക്ക് വളരെ അഭിമാനമാണുള്ളത്. ഒരുപാട് മലയാളികൾ ഉള്ളതായി എനിക്ക് തോന്നും.”- സഞ്ജു പറഞ്ഞുവയ്ക്കുന്നു. സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനത്തിലും മൂന്നാം ഏകദിനത്തിലും വളരെ മികച്ച ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചത്. അതിനാൽതന്നെ വരും മത്സരങ്ങളിൽ സഞ്ജുവിന് ഇന്ത്യൻ ടീമിൽ സ്ഥിരമായി സ്ഥാനം കണ്ടെത്താനാവും എന്ന് തന്നെയാണ് പ്രതീക്ഷ.