നിസാരനല്ല അയാൾ, വെറുതെ വിട്ടാൽ പിന്നീട് കൈപൊള്ളും!! പാകിസ്ഥാൻ താരങ്ങൾക്ക്‌ കിട്ടിയ ആ ഉപദേശം

   

ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിനുമുമ്പ് പാകിസ്ഥാൻ കളിക്കാർക്കായി നിർണായകമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ലെഗ് സ്പിന്നർ യാസിർ ഷാ. ഇന്ത്യൻ ബാറ്റർ വിരാട് കോഹ്ലിയെ ചെറുതായി കാണരുത് എന്ന ഉപദേശമാണ് ഷാ പാക് ക്രിക്കറ്റർമാർക്ക്‌ നൽകിയിരിക്കുന്നത്. ആദ്യ മത്സരത്തിൽ തന്നെ വിരാട് കോഹ്ലിയെ വേണ്ടരീതിയിൽ നേരിട്ടില്ലെങ്കിൽ പിന്നീട് വരുന്ന ഇന്ത്യ-പാക് മത്സരങ്ങളിലും ഇത് പാകിസ്ഥാനെ ബാധിക്കുമെന്നാണ് ഷാ പറയുന്നത്.

   

“വിരാട് കോഹ്ലിയെ അത്ര എളുപ്പമായി കാണരുത്. അത് പാകിസ്ഥാന് ദോഷംചെയ്യും. ശരിയാണ്, അയാൾ വലിയ ഫോമിലൊന്നുമല്ല. റൺസ് കണ്ടെത്തുന്നതിൽ പ്രയാസം നേരിടുന്നുമുണ്ട്. പക്ഷേ അയാൾ ഒരു വേൾഡ് ക്ലാസ് കളിക്കാരനാണ്. അതിനാൽതന്നെ ഏതു സമയത്തു വേണമെങ്കിലും അയാൾ ഫോമിലേക്ക് തിരിച്ചെത്താം.”- യാസിർ ഷാ പറഞ്ഞുവയ്ക്കുന്നു.

   

ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങളുടെ പ്രധാനഘടകമായി വിരാട് കോഹ്ലി ഇതിനുമുമ്പും മാറിയിട്ടുണ്ട്. ഇപ്പോൾ ഫോമിലല്ലെങ്കിൽ തന്നെ, വിരാട് കോഹ്‌ലിയെപറ്റി യാതൊരു മുൻധാരണകളും സാധ്യമല്ലെന്നും എപ്പോൾ വേണമെങ്കിലും അയാൾ തീയായി മാറാമെന്നും ഷാ പറയുന്നു. ട്വന്റി20 ക്രിക്കറ്റിൽ പാകിസ്ഥാൻ ടീമിനെതിരെ വമ്പൻ റെക്കോർഡാണ് വിരാട് കോഹ്ലിയ്ക്ക് ഉള്ളത്. ഇതുവരെ ഇരുവരും ഏറ്റുമുട്ടിയ 7 മത്സരങ്ങളിൽനിന്ന് 311 റൺസ് കോഹ്ലി നേടിയിട്ടുണ്ട്. 77.75 റൺസാണ് കോഹ്ലിയുടെ ബാറ്റിംഗ് ശരാശരി.

   

2016 ലായിരുന്നു കോഹ്ലിയുടെ പാക്കിസ്ഥാനെതിരായ അത്യുഗ്രൻ ഇന്നിംഗ്സുകൾ പിറന്നത്. 2016ലെ ഏഷ്യാകപ്പ് മത്സരത്തിൽ 84 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 8-3 എന്ന നിലയിൽ തകർന്നിരുന്നു. കോഹ്ലിയുടെ 49 റൺസ് അടിച്ചുകൂട്ടിയ ഇന്നിങ്സിന്റെ ബലത്തിലാണ് ഇന്ത്യ മത്സരത്തിൽ വിജയം കണ്ടത്. പാകിസ്താനെതിരായ അവസാന ട്വന്റി20യിലും ഷാഹിൻ അഫ്രീദിയുടെ ബോളിംഗ് മികവിന് മുമ്പിൽ കോഹ്ലി മാത്രമാണ് പിടിച്ചുനിന്നത്.

Leave a Reply

Your email address will not be published. Required fields are marked *