ഏഷ്യാകപ്പിന് മുമ്പ് ഇന്ത്യയ്ക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ പരിക്ക്. പരിക്കുമൂലം ബുംറക്ക് ഓഗസ്റ്റ് 28ന് തുടങ്ങുന്ന ഇന്ത്യയുടെ ഏഷ്യാകപ്പ് ക്യാമ്പയിനിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കേണ്ടിവന്നു. ഇന്ത്യയ്ക്ക് ഇത് പ്രഥമദൃഷ്ട്യാ പ്രത്യാഘാതമായെങ്കിലും മറ്റു പല ബോളർമാർക്കും ഇതൊരു അവസരമായാണ് മുൻ ക്രിക്കറ്റർമാർ കാണുന്നത്. വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിൽ പരിക്കുമൂലം ബുംറയ്ക്ക് കളിക്കാൻ സാധിക്കാതിരുന്നാൽ മുഹമ്മദ് ഷാമിയെ ഇന്ത്യൻ ടീമിലേക്ക് തിരികെ കൊണ്ടുവരണമെന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ സാബാ കരീം പറയുന്നത്.
ഇന്ത്യ ന്യൂസ് സ്പോർട്സിനോട് സംസാരിക്കവേയാണ് സാബാ കരീം ഇക്കാര്യം അറിയിച്ചത്. ഒപ്പം കഴിഞ്ഞ ഐപിഎല്ലിൽ മികച്ച പ്രകടനമായിരുന്നു ഗുജറാത്ത് ടീമിനായി ഷാമി കാഴ്ചവച്ചത്. അതിനാൽതന്നെ ബുംറയ്ക്ക് പകരക്കാരനായി പരിചയസമ്പന്നനായ ഒരു ബോളാറെയാണ് ഇന്ത്യ തേടുന്നതിൽ മുഹമ്മദ് ഷാമി തന്നെയാണ് മികച്ച ഓപ്ഷൻ എന്ന് സാബാ കരീം പറയുന്നു. ഷാമിയെ കൂടാതെ ദീപക് ചഹറും ഈ സ്ഥാനത്തിന് യോഗ്യനാണെന്ന് കരിം പറയുന്നു.
“ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനെയാണ് നാം അന്വേഷിക്കുന്നതെങ്കിൽ വളരെ പരിചയസമ്പന്നനും ഒപ്പം കഴിഞ്ഞ സമയങ്ങളിൽ ട്വന്റി20 ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്ത ഒരാളെയാണ് നമുക്കാവശ്യം. ന്യൂബോളിൽ വിക്കറ്റ് നേടാനുള്ള മാനദണ്ഡം കൂടി കണക്കിലെടുത്താൽ മുഹമ്മദ് ഷാമിയും ദീപക് ചഹറും പകരക്കാരനാവാൻ അർഹരാണ്”- കരീം പറയുന്നു.
“ഐപിഎല്ലിൽ ഷാമി ഇത്തവണ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. അതിനാൽതന്നെ അങ്ങനെയൊരു ചോയിസ് ഉണ്ടെങ്കിൽ സെലക്ടർമാർ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഷാമിയെ ഉൾപ്പെടുത്താനാണ് സാധ്യത”- കരീം കൂട്ടിച്ചേർക്കുന്നു. ഇത്തവണത്തെ ഐപിഎല്ലിൽ ഗുജറാത്ത് ടീമിനായി 16 മത്സരങ്ങളിൽ നിന്ന് 20 വിക്കറ്റുകളായിരുന്നു ഷാമി നേടിയത്. എന്തായാലും അനുഭവസമ്പത്തിൽ ബുംറയ്ക്ക് പകരംവയ്ക്കാൻ സാധിക്കുന്ന ഒരു സീം ബോളർ തന്നെയാണ് മുഹമ്മദ് ഷാമി.