സിംബാബ്വെക്കെതിരായ ഇന്ത്യയുടെ രണ്ടാം ഏകദിനത്തിൽ ഒരുപാട് അപൂർവമായ റെക്കോർഡുകൾ പിറക്കുകയുണ്ടായി. മത്സരത്തിൽ ഒരു സമയത്ത് കാര്യങ്ങൾ ഇന്ത്യയുടെ കൈവിട്ടുപോകുകയും പിന്നീട് സഞ്ജു സാംസന്റെ മികവിൽ ഇന്ത്യ വിജയംകാണുകയും ചെയ്തു. സഞ്ജുവിന്റെ മികവിലാണ് ഇന്ത്യ വിജയിച്ചതെങ്കിലും ഈ വിജയത്തോടെ മറ്റൊരു റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത് ദീപക് ഹൂഡയാണ്.
വളരെ അപൂർവ്വമായ ഒരു ലോകറെക്കോർഡാണ് ഹൂഡയ്ക്ക് വന്നുചേർന്നിരിക്കുന്നത്. ഫെബ്രുവരിയിലാണ് ഹൂഡ ഇന്ത്യയ്ക്കായി ആദ്യ മത്സരം കളിച്ചത്. ശേഷം ഇതുവരെ ദീപക് ഹൂഡ കളിച്ച മത്സരങ്ങളിൽ ഇന്ത്യ തോൽവിയറിഞ്ഞിട്ടില്ല. ഇതുവരെ 7 ഏകദിനങ്ങളും 9 ട്വന്റി20കളും ഹൂഡ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. ഈ മത്സരങ്ങളിലോന്നും ഇന്ത്യ തോൽവി അറിഞ്ഞിട്ടില്ല എന്നതാണ് റെക്കോർഡിന്റെ മാനദണ്ഡം.
ഇതോടെ അരങ്ങേറ്റത്തിനു ശേഷം ഏറ്റവുമധികം മത്സരങ്ങളിൽ തോൽവിയറിയാത്ത ക്രിക്കറ്റർ എന്ന റെക്കോർഡ് ഹൂഡയെ തേടിയെത്തിയിരിക്കുന്നു. ഇതുവരെ 16 മത്സരങ്ങൾ ഇന്ത്യയ്ക്കായി കളിച്ചിട്ടും തോൽവിയറിയാത്തതിനാൽ ഇന്ത്യയുടെ ഭാഗ്യതാരമായിയാണ് പലരും ഹൂഡയെ കാണുന്നത്. ഇതുവരെ റൊമാനിയൻ ക്രിക്കറ്റർ സാറ്റ്വിക് നടിഗോട്ലെയുടെ പേരിലായിരുന്നു ഈ റെക്കോർഡ്. നടിഗോട്ലെ തന്റെ ദേശീയ ടീമിനായി കളിച്ച ആദ്യ 15 മത്സരങ്ങളിൽ ടീം തോൽവിയറിഞ്ഞിരുന്നില്ല.
ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡേവിഡ് മില്ലറും റൊമാനിയയുടെ വാസിഷ്ട്ടും ആദ്യ 13 മത്സരങ്ങളിൽ പരാജയമറിഞ്ഞിരുന്നില്ല. ഇവരുടെയൊക്കെ റെക്കോർഡാണ് ഹൂഡ മറികടന്നത്. ഇങ്ങനെ ദീപക് ഹൂഡ കളിക്കുന്ന മത്സരങ്ങളിൽ ഇന്ത്യ വിജയിക്കുകയാണെങ്കിൽ, വരാൻ പോകുന്ന വലിയ ടൂർണമെന്റുകളിലെ എല്ലാ മത്സരങ്ങളിലും അദ്ദേഹത്തെ കളിപ്പിക്കണം എന്ന് പലരും തമാശരൂപേണ പറയുന്നു. എന്തായാലും ഇതിനോടകംതന്നെ ഹൂഡ ഇന്ത്യയുടെ ഭാഗ്യതാരം എന്ന പേര് സമ്പാദിച്ചിട്ടുണ്ട്.