സിംബാബ്വെക്കെതിരായ രണ്ടാം മത്സരത്തിലെ ബാറ്റിംഗ് പ്രകടനം കൊണ്ട് വീണ്ടും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് സഞ്ജു. കിട്ടിയ അവസരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച സഞ്ജു ഇന്ത്യയുടെ വഴികാട്ടിയാവുകയായിരുന്നു. 39 പന്തുകളിൽ 43 റൺസോടെ ഇന്ത്യയെ കരയ്ക്കടുപ്പിച്ച സഞ്ജുവിന് ഒരുപാട് ആശംസാപ്രവാഹങ്ങൾ വരുന്നുണ്ട്.
കൂടുതൽ ആളുകളും പ്രശംസിക്കുന്നത് സഞ്ജുവിന്റെ സമീപന രീതിയാണ്. നിർണായകമായ സാഹചര്യത്തിൽ തെല്ലും മടികൂടാതെ സഞ്ജു സിംബാബ്വെയേ അടിച്ചു തകർക്കുകയായിരുന്നു. കൃത്യമായ കണക്കുകൂട്ടാലോടെ കളിച്ച സഞ്ജുവിന്റെ ഇന്നിങ്‌സിൽ മൂന്ന് ബൗണ്ടറികളും നാലു പടുകൂറ്റൻ സിക്സറുകളുമാണ് ഉൾപ്പെട്ടത്. സ്ഥിരതയുള്ള പ്രകടനത്തോടെ ഇന്ത്യൻ ടീമിന്റെ നട്ടെല്ലായ സഞ്ജുവിനെ പ്രശംസിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ഒരുപാട് ട്വീറ്റുകൾ വരികയുണ്ടായി. കൂടുതൽ പേരും സഞ്ജുവിന്റെ ബാറ്റിംഗ് മനോഭാവത്തെ പ്രശംസിച്ച് തന്നെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
’50 റൺസിന് മുകളിൽ ബാറ്റിംഗ് ശരാശരിയുള്ള സഞ്ജു ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയാണ്. അതിനാൽ നിശ്ചിത ഓവർ മത്സരങ്ങളിൽ സഞ്ജുവിന് ഇന്ത്യൻ ടീമിൽ കൃത്യമായ സ്ഥാനം നൽകണം’ എന്ന തരത്തിലുള്ള ഒരുപാട് ട്വീറ്റുകൾ വരുന്നുണ്ട്. പല ആളുകളും, ‘ജീവിതത്തിൽ സഞ്ജുവിനെ മാതൃകയാക്കണമെന്നും ചെറിയ അവസരങ്ങൾ പോലും നന്നായി ഉപയോഗിക്കണം’ എന്നും പറയുന്നു.
അതോടൊപ്പം രോഹിത് ശർമയെ പോലെ സിക്സ് ഹിറ്റിംഗ് കഴിവുള്ള ഒരു കളിക്കാരൻ സഞ്ജു മാത്രമാണെന്ന പക്ഷവും ചിലർക്കുണ്ട്. 2023ലെ ലോകകപ്പ് സ്‌ക്വാഡിൽ ബാക്കപ്പ് വിക്കറ്റ് കീപ്പറായി സഞ്ജു സ്ഥാനം അർഹിക്കുന്നു എന്ന് നിലപാടുകൾ ചിലർ ട്വീറ്റായി രേഖപ്പെടുത്തുന്നുണ്ട്. ഇങ്ങനെ ഒരുപാട് ആശംസ പ്രവാഹങ്ങളാണ് സോഷ്യൽമീഡിയ കീഴടക്കിയിരിക്കുന്നത്. സാധാരണയായി ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യുന്ന സഞ്ജുവിന്റെ മധ്യനിരയിലെ പ്രകടനം വരാനിരിക്കുന്ന മത്സരങ്ങളിൽ ഇന്ത്യയ്ക്ക് മുതൽക്കൂട്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷ..