ഇന്ത്യൻ ക്രിക്കറ്റിലെ കളിക്കാരനായി വന്ന് ലോകക്രിക്കറ്റിന് മുമ്പിൽ ഇന്ത്യൻ വൻമതിലായിമാറിയ ക്രിക്കറ്ററാണ് രാഹുൽ ദ്രാവിഡ്. വമ്പനടികാർക്ക് മാത്രമാണ് ഇതിഹാസമായി മാറാൻ സാധിക്കുക എന്ന നിർവചനത്തിൽ നിന്ന് വിരുദ്ധമായി തന്റെ പ്രതിരോധശക്തി കൊണ്ട് ദ്രാവിഡ് ലോകത്തിന്റെ നെറുകയിലെത്തി. എപ്പോഴും ഇന്ത്യക്ക് വിശ്വസിക്കാവുന്ന ഒരു ക്രിക്കറ്ററായി മാറിയ ദ്രാവിഡിനും ഒരു കഥയുണ്ട്.
1973ൽ മധ്യപ്രദേശിലെ ഇൻഡോറിലാണ് രാഹുൽ ദ്രാവിഡ് ജനിച്ചത്. തന്റെ പന്ത്രണ്ടാം വയസ്സിൽ ക്രിക്കറ്റ് കളിച്ചുതുടങ്ങിയ ദ്രാവിഡ് അണ്ടർ 15, അണ്ടർ 17, അണ്ടർ 19 ലെവലുകളിൽ കർണാടക ടീമിനെ പ്രതിനിധീകരിക്കുകയുണ്ടായി. ശേഷം 1991ലായിരുന്നു ദ്രാവിഡ് തന്റെ ആദ്യ രഞ്ജിട്രോഫി മത്സരം കളിച്ചത്. ആദ്യ മത്സരത്തിൽ തന്നെ 82 റൺസ് നേടിയ ദ്രാവിഡ് പെട്ടെന്നുതന്നെ സെലക്ടർമാരുടെ ശ്രദ്ധപിടിച്ചുപറ്റി. ശേഷം വിവിധ ടീമുകൾക്കെതിരെ സെഞ്ചുറികൾ കൂടി നേടിയതോടെ ദ്രാവിഡ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.
1996ലായിരുന്നു ദ്രാവിഡ് ആദ്യമായി ബാറ്റെന്തിയത്. വലിയ ഷോട്ടുകൾ അധികം കളിക്കാത്ത ഒരു 23നായിരുന്നു ദ്രാവിഡ് അന്ന്. എന്നാൽ തന്റെ മികച്ച പ്രകടനങ്ങൾ ദ്രാവിഡിനെ പെട്ടെന്ന് ടീമിന്റെ അഭിവാജ്യഘടകമാക്കിമാറ്റി. ഏകദിനക്രിക്കറ്റിൽ വലിയ വിജയമായില്ലെങ്കിലും ടെസ്റ്റ് മത്സരങ്ങൾ രാഹുൽ തന്റേതാക്കി മാറ്റി. ദ്രാവിഡിനെ പുറത്താക്കാൻ ലോകം കണ്ട മുഴുവൻ ബോളർമാർ ശ്രമിച്ചിട്ടും പരാജയപ്പെടാൻ തുടങ്ങി. അങ്ങനെ “ദ ഗ്രേറ്റ് വാൾ” എന്ന പേര് അയാൾ തന്റെ പ്രതിരോധിക്കാനുള്ള കഴിവുകൊണ്ട് നേടിയെടുത്തു.
ഇന്ത്യക്കായി 164 ടെസ്റ്റുകളിൽ നിന്ന് 13288 റൺസായിരുന്നു ദ്രാവിഡ് നേടിയത്. ഇതിൽ 36 സെഞ്ച്വറികളും ഉൾപ്പെടുന്നു. ഇതോടൊപ്പം 344 ഏകദിനമത്സരങ്ങളിൽ നിന്ന് 10889 റൺസും ദ്രാവിഡ് നേടുകയുണ്ടായി. അങ്ങനെ എല്ലാംകൊണ്ടും വിജയമായ കരിയറായിരുന്നു ദ്രാവിഡിന്റേത്. എന്തായാലും ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഇതിഹാസതാരം തന്നെയാണ് രാഹുൽ ദ്രാവിഡ്.