വിരാട് കോഹ്ലി എന്ന നായകൻ പടിയിറങ്ങിയ ശേഷമായിരുന്നു രോഹിത് ശർമ ഇന്ത്യയുടെ ക്യാപ്റ്റനായി മാറിയത്. മികച്ച രീതിയിൽ ഇതുവരെ രോഹിത് ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഇന്ത്യയുടെ മുഴുവൻ സമയ നായകനായി ഭേദപ്പെട്ട റെക്കോർഡാണ് രോഹിത്തിനുള്ളത്. രോഹിത്തിന്റെ നായക മികവ് ഇന്ത്യൻ ടീമിനെ സ്ഥിരതയോടെ കളിക്കാൻ പ്രാപ്തമാക്കിയിട്ടുണ്ട്. താൻ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിനായി ഉപയോഗിച്ച അതേ തന്ത്രം തന്നെയാണ് ഇപ്പോൾ ഇന്ത്യൻ ടീമിനായും പ്രയോഗിക്കുന്നത് എന്നാണ് രോഹിത് പറയുന്നത്.
“മുംബൈ ഇന്ത്യൻസിനെ നയിച്ചപ്പോഴും ഒപ്പം ഇന്ത്യൻ ടീമിനെ നയിക്കാൻ അവസരം ലഭിച്ചപ്പോഴും ഞാൻ ഉപയോഗിച്ച തന്ത്രം ഒന്നുതന്നെയാണ്. കാര്യങ്ങളെ വളരെ ലളിതമായി കാണുക എന്നതായിരുന്നു ആ തന്ത്രം. നമ്മൾ എല്ലാം വളരെ സങ്കീർണതയോടെ നോക്കികാണുന്നതാണ് പ്രയാസകരം. ടീമിനെ സംബന്ധിച്ച് കളിക്കാർക്ക് അവരുടേതായ സ്വാതന്ത്രം അനുവദിച്ചുകൊടുക്കുകയും, ഓരോരുത്തരും എന്ത് റോളാണ് ചെയ്യേണ്ടത് എന്ന് മനസ്സിലാക്കി കൊടുക്കുകയുമാണ് ചെയ്യേണ്ടത്.
” – രോഹിത് പറയുന്നു. ഇതോടൊപ്പം ഏഷ്യാകപ്പും ട്വന്റി20 ലോകകപ്പും പോലുള്ള വലിയ ടൂർണമെന്റുകളിലേക്ക് കടക്കുമ്പോൾ കളിക്കാർക്ക് കൃത്യമായി അവരുടെ റോളുകളെക്കുറിച്ച് ബോധ്യമുണ്ടാവണം എന്നും രോഹിത് പറയുന്നു. ” ഞാൻ ഉദ്ദേശിക്കുന്നത് അതുതന്നെയാണ്. ഓരോരുത്തർക്കും കൃത്യമായ റോൾ കൊടുത്താൽ പിന്നീട് സംശയത്തിന് ആവശ്യം വരില്ല.
അതാണ് വലിയ ടൂർണമെന്റുകളിൽ പ്രധാനകാര്യം. “- രോഹിത് കൂട്ടിച്ചേർക്കുന്നു. “അങ്ങനെ ഓരോ കളിക്കാരും അവരുടെ റോളുകൾ ഭംഗിയായി ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. അവിടെയാണ് എന്റെ ഉത്തരവാദിത്വം ദ്രാവിഡിനൊപ്പം വളരെ നിർണായകമാകുന്നത്. ഞങ്ങൾ ശ്രമിക്കുന്നത് കൂടുതൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാനാണ്”- രോഹിത് പറഞ്ഞുവെക്കുന്നു.