കഴിഞ്ഞ 2 വർഷം ചെയ്തത് ഓർമിപ്പിക്കല്ലേ പൊന്നേ !! രാഹുലിനെ കൊന്ന് കൊലവിളിച്ചു.. കഷ്ടം തന്നെ..

   

കെഎൽ രാഹുലിനെ സോഷ്യൽ മീഡിയ പിന്തുടർന്ന് ട്രോളുന്നത് പുതിയ കാര്യമല്ല. പലപ്പോഴും രാഹുലിന്റെ ബാറ്റിംഗ് രീതിക്കെതിരെ വ്യത്യസ്തമായ രീതിയിൽ സോഷ്യൽ മീഡിയ പ്രതികരിച്ചിട്ടുണ്ട്. കുറച്ചധികം കാലമായി ഇന്ത്യയുടെ സ്ക്വാഡിൽ നിന്ന് വിട്ടുനിൽക്കുന്ന രാഹുൽ സിംബാബ്വെക്കെതിരെ ആദ്യമത്സരം കളിച്ചിരുന്നു. എന്നാൽ മത്സരത്തിനു മുമ്പ് രാഹുൽ പറഞ്ഞ വാക്കുകളാണ് ട്വിറ്ററിലടക്കം വലിയ ട്രോളുകൾക്ക് കാരണമായിരിക്കുന്നത്.

   

ഏകദേശം ആറു മാസങ്ങൾക്കുശേഷമായിരുന്നു രാഹുൽ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയത്. സിംബാബ്വെക്കെതിരെ ടീമിന്റെ നായകനായി തന്നെയാണ് രാഹുൽ കളിച്ചത്. ആദ്യ മത്സരത്തിന് മുമ്പ് രാഹുൽ പറഞ്ഞതിങ്ങനെയാണ്. “കഴിഞ്ഞ രണ്ട് മാസങ്ങളായി ഞാൻ ടീമിൽ ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി ഞാൻ ചെയ്ത കാര്യങ്ങൾ ടീം മറന്നിട്ടില്ല. ടീം മാനേജ്മെന്റിന്റെ ഈ പിന്തുണയാണ് എന്റെ ആത്മവിശ്വാസം.” എന്നാൽ ഈ വാക്കുകൾക്കെതിരെ പരിഹാസവർഷമാണ് ഉണ്ടായിരിക്കുന്നത്.

   

നിർണായകമായ മത്സരങ്ങളിൽ നിങ്ങൾ എത്ര മോശമായി കളിച്ചുവെന്നും മറന്നിട്ടില്ല എന്നാണ് ട്വിറ്റർ ഉപഭോക്താക്കൾ പറയുന്നത്. കൂടാതെ താങ്കൾ കഴിഞ്ഞ രണ്ടു വർഷമായി എന്താണ് ചെയ്തത് എന്നും ട്വീറ്റുകൾ ചോദിക്കുന്നു. ഇനിയും പഴയതുപോലെ തുടർന്നാൽ ടീം താങ്കളെ മറക്കും എന്നും ചില ട്വീറ്റുകൾ സൂചിപ്പിക്കുന്നു. ഇങ്ങനെ പരിഹാസാത്മകമായ ഒരുപാട് വിമർശനങ്ങൾ രാഹുലിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപിച്ചിട്ടുണ്ട്.

   

കഴിഞ്ഞ ട്വന്റി20 ലോകകപ്പിന് ശേഷമുള്ള 36 മത്സരങ്ങളിൽ 6 എണ്ണത്തിൽ മാത്രമാണ് രാഹുൽ കളിച്ചത്. ഫെബ്രുവരി മാസത്തിൽ വിൻഡീസിനെതിരെയായിരുന്നു രാഹുൽ അവസാന ഏകദിനമത്സരം കളിച്ചിരുന്നത്. പലപ്പോഴും നിർണായകമായ മത്സരങ്ങളിൽ രാഹുൽ ബാറ്റിംഗിൽ പരാജയപ്പെടുന്നത് ഇതിനോടകംതന്നെ ചർച്ചയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *