ഇന്ത്യയ്ക്കായി കഴിഞ്ഞ കുറച്ചധികം കാലമായി ധവാൻ മിന്നിമറയുന്ന കാഴ്ചയാണ് ഉണ്ടായിരുന്നത്. ട്വന്റി20 ടീമിൽ നിന്നും ടെസ്റ്റ് ടീമിൽ നിന്നും ഇന്ത്യ ധവാനെ ഒഴിവാക്കിയതോടെ ധവാന്റെ ടീമിലെ ഭാവി സംബന്ധിച്ച് ഒരുപാട് സംശയങ്ങൾ ഉയർന്നിരുന്നു. എന്നാൽ എല്ലാറ്റിനുമുള്ള ഉത്തരങ്ങൾ ബാറ്റുകൊണ്ട് നൽകുകയാണ് ധവാൻ ഇപ്പോൾ. ഇന്ത്യൻ ടീമിലെ സ്ഥാനം തിരിച്ചുപിടിക്കാൻ ഒരുപാട് സമ്മർദ്ദത്തിൽ നിൽക്കുമ്പോഴുള്ള, ധവാന്റെ അത്യുഗ്രൻ ഇന്നിങ്സിനെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചിരിക്കുകയാണ് മുഹമ്മദ് കൈഫ്.
സിംബാബ്വെക്കെതിരായ ആദ്യ ഏകദിനത്തിൽ ധവാന്റെ തകർപ്പൻ ഇന്നിംഗ്സാണ് കൈഫിനെ ആഹ്ലാദത്തിലാക്കിയത്. “ശിഖർ ധവാൻ എല്ലാ ഫോർമാറ്റിലും കളിക്കുന്നില്ല. എന്നിരുന്നാലും നിർണായകമായ ഇന്നിംഗ്സുകളിൽ ധവാൻ വളരെ മികച്ച രീതിയിൽ കളിക്കുന്നുണ്ട്. ഇപ്പോൾ അയാൾക്ക് എല്ലാ ഇന്നിങ്‌സും ഒരു യുദ്ധം തന്നെയാണ്. കാരണം ഒരുപാട് കളിക്കാർ ഇന്ത്യൻ ടീമിന് പുറത്ത് അവസരത്തിനായി കാത്തുനിൽക്കുന്നു.
ധവാൻ മോശമായി കളിച്ചാൽ അയാൾ ടീമിന് പുറത്താകും. എന്നാൽ ഇപ്പോൾ അതിനുള്ള അവസരം ധവാൻ നൽകുന്നില്ല.”- കൈഫ് പറയുന്നു. “എപ്പോഴൊക്കെ ധവാന് അവസരം നൽകിയോ, അപ്പോഴൊക്കെ ധവാൻ റൺസും നേടിയിട്ടുണ്ട്. ഏകദിനത്തിൽ 6500 റൺസ് ധവാൻ നേടിയിട്ടുണ്ട്. അതൊരു ചെറിയ കാര്യമല്ല. അയാൾ പലതരത്തിൽ അയാളുടെ കഴിവ് തെളിയിച്ചുകഴിഞ്ഞു.
ഇന്ത്യയ്ക്കായി ഇനിയും മത്സരങ്ങൾ ജയിക്കാൻ ധവാൻ സജ്ജനാണ്. “-കൈഫ് പറയുന്നു. സിംബാബ്വെക്കെതിരായ ആദ്യ ഏകദിനത്തിൽ 113 ബോളുകൾ നേരിട്ട ധവാൻ 81 റൺസാണ് നേടിയത്. ഗിലിനൊപ്പം 192 റൺസിന്റെ തകർക്കാനാവാത്ത പാർട്ണർഷിപ്പാണ് മത്സരത്തിൽ ധവാൻ കെട്ടിപ്പൊക്കിയത്. ഈ ഇന്നിങ്സിന്റെ മികവിൽ ഇന്ത്യ മത്സരത്തിൽ 10 വിക്കറ്റ് വിജയവും നേടി.