ബൗൺസർ എറിഞ്ഞപ്പോൾ കാൽവഴുതി!! ചാഹറിനെ വീണ്ടും പരിക്ക് പിടികൂടും??

   

സിംബാബ്വെക്കെതിരെ ഇന്ത്യയുടെ ആദ്യ ഏകദിനത്തിൽ ഒരു കിടിലൻ തിരിച്ചുവരവാണ് ഇന്ത്യയുടെ പേസർ ദീപക് ചാഹർ നടത്തിയിരിക്കുന്നത്. ആദ്യ ഏകദിനത്തിൽ 27 റൺസ് മാത്രം വിട്ടുനൽകി 3 വിക്കറ്റുകളാണ് ദീപക് ചാഹർ നേടിയത്. ഈ പ്രകടനത്തിന്റെ മികവിൽ ചാഹറിനെ പ്ലെയർ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. എന്നാൽ തിരിച്ചുവരവിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ബോൾ ചെയ്തപ്പോളുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചാണ് ദീപക് ചാഹർ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

   

“ആറു മാസങ്ങൾക്കുശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരുമ്പോൾ ലാൻഡിങ് അടക്കമുള്ള കാര്യങ്ങൾ കുറച്ചു പ്രയാസകരമാണ്. അതോടൊപ്പം ടെൻഷനും ഉണ്ടാവാം. ഇന്നത്തെ മത്സരത്തിന് മുമ്പ് 4-5 പരിശീലനമത്സരങ്ങളെങ്കിലും ഞാൻ കളിച്ചിരുന്നു. പക്ഷേ ആദ്യ കുറച്ച് ഓവറുകളിൽ ശരീരവും മനസ്സും ഒരുപോലെ പ്രവർത്തിച്ചിരുന്നില്ല. എന്നാൽ അതിനുശേഷം എല്ലാം അല്പം ഭേദമായിട്ടുണ്ട്” – ചാഹർ പറയുന്നു.

   

“ബൗൺസർ എറിയാൻ ഞാൻ ശ്രമിച്ചപ്പോൾ കാൽ വഴുതുകയുണ്ടായി. ഇങ്ങനെയുള്ള പ്രശ്നങ്ങൾ മൂലം ബൗൺസർ വേണ്ടവിധത്തിൽ എറിയാൻ എനിക്ക് സാധിച്ചില്ല. എന്നാൽ ഇപ്പോൾ എനിക്ക് ഭേദമായി തോന്നുന്നുണ്ട്. ദീപക് ചാഹർ കൂട്ടിച്ചേർത്തു. എന്തായാലും ചാഹർ വളരെ മികച്ച പ്രകടനമായിരുന്നു സിംബാബ്വെക്കെതിരെ കാഴ്ചവച്ചത്.

   

അവസാനമായി ഈ വർഷം ഫെബ്രുവരിയിലായിരുന്നു ചാഹർ അന്താരാഷ്ട്ര മത്സരം കളിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിനിടയായിരുന്നു ചാഹറിന് പലതരത്തിലുള്ള പരിക്കുകൾ സംഭവിച്ചത്. ഈ തിരിച്ചുവരവോടെ ചാഹറും ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിക്കാനുള്ള ശ്രമത്തിൽ തന്നെയാണ്. നിലവിൽ 2022 ഏഷ്യാകപ്പിലെ ഇന്ത്യയുടെ റിസർവ് കളിക്കാരനാണ് ചാഹർ.

Leave a Reply

Your email address will not be published. Required fields are marked *