ഇന്ത്യൻ പ്രീമിയർ ലീഗിൽ അടുത്ത സീസണിലേക്കുള്ള തങ്ങളുടെ ഹെഡ് കൊച്ചിനെ തീരുമാനിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്ത്യയുടെ മുൻ വിക്കറ്റ് കീപ്പറായിരുന്ന ചന്ദ്രകാന്ത് പണ്ഡിറ്റാണ് കൊൽക്കത്തയുടെ പുതിയ കോച്ച്. 2022 ഐപിഎല്ലിന് ശേഷം കൊൽക്കത്തയുടെ കോച്ച് ബ്രണ്ടൻ മക്കല്ലം കൊൽക്കത്ത വിട്ട് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനായിരുന്നു. ആ സ്ഥാനത്തേക്കാണ് ചന്ദ്രകാന്ത് പണ്ഡിറ്റ് വരുന്നത്.
ആദ്യമായാണ് ചന്ദ്രകാന്ത് ഒരു ഐപിഎൽ ഫ്രാഞ്ചൈസിയിൽ ഉൾപ്പെടുന്നത്. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ വലിയ പരിചയസമ്പന്നതയാണ് ചന്ദ്രകാന്തിനുള്ളത്. കഴിഞ്ഞ രഞ്ജി ട്രോഫിയിൽ മധ്യപ്രദേശ് ടീമിനെ ജേതാക്കളാക്കിയത് ചന്ദ്രകാന്ത് ആയിരുന്നു. ഫ്രഞ്ചസിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ചന്ദ്രകാന്ത് തന്റെ സന്തോഷവും അറിയിക്കുകയുണ്ടായി. “കൊൽക്കത്ത ടീം എനിക്ക് ഒരു ഈ ഉത്തരവാദിത്വം നൽകിയതിൽ വലിയ സന്തോഷവും നന്ദിയും ഉണ്ട്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കളിക്കാരിൽ നിന്നും മുൻപ് അവരുടെ ടീമിന്റെ ഘടനയെയും, കൾച്ചറിനെയും പറ്റി ഞാൻ കേട്ടിട്ടുണ്ട്. വലിയ രീതിയിൽ സേവനം നൽകാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു.” – ചന്ദ്രകാന്ത് പറഞ്ഞു.”ടീമിലെ സപ്പോർട്ടിങ് സ്റ്റാഫുകളുടെ നിലവാരത്തിലും കളിക്കാരുടെ നിലവാരത്തിലും എനിക്ക് വളരെ ആവേശമാണുള്ളത്. ഈ അവസരം വളരെ പോസിറ്റീവ് പ്രതീക്ഷയോടെ തന്നെയാണ് ഞാൻ കാണുന്നത്.” ചന്ദ്രകാന്ത് കൂട്ടിച്ചേർത്തു.
61 കാരനായ പണ്ഡിറ്റിന് ആഭ്യന്തരക്രിക്കറ്റിൽ വലിയ അനുഭവസമ്പത്ത് തന്നെയാണുള്ളത്. രാജ്യത്തുടനീളം പണ്ഡിറ്റ് വിവിധ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി സ്ഥിരത കണ്ടെത്താൻ ശ്രമിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന് ചന്ദ്രകാന്തിന്റെ സാന്നിധ്യം വലിയ ഗുണം ചെയ്യുമെന്ന് ഉറപ്പാണ്. നിലവിൽ ശ്രേയസ് അയ്യരാണ് കൊൽക്കത്തയുടെ നായകൻ.