ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ സീം ബോളർമാരിൽ ഒരാളാണ് ജെയിംസ് ആൻഡേഴ്സൺ. 40കാരനായ ആൻഡേഴ്സൺ ഇപ്പോഴും ഇംഗ്ലണ്ട് ടീമിനായി തന്നെക്കൊണ്ടാവുംവിധം മികച്ച പ്രകടനങ്ങളാണ് കാഴ്ചവച്ചിട്ടുള്ളത്. എന്നാൽ ഇത്രയും പ്രായമായതിനാൽതന്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ആൻഡേഴ്സൺ വിരമിക്കുന്നതിനെ കുറിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. അതിനുള്ള മറുപടി നൽകുകയാണ് ആൻഡേഴ്സൺ ഇപ്പോൾ.
“എന്നെ സംബന്ധിച്ച് എനിക്ക് 40 ആയി എന്നൊരു തോന്നലില്ല. വയസ്സ് എന്ന് പറയുന്നത് കേവലം നമ്പർ മാത്രമാണ്. എത്രനാൾ ഇങ്ങനെ ഫിറ്റ്നസോടുകൂടി നിൽക്കാൻ സാധിക്കുമോ അത്രനാൾ എന്റെ ടീമിനായി ഞാൻ സംഭാവന നൽകും. എത്രനാൾ ഇങ്ങനെ തുടരാനാവും എന്ന് പറയാൻ പറ്റില്ല.”- ആൻഡേഴ്സൺ പറഞ്ഞു. ഒപ്പം 50 വരെ പോവില്ലായിരിക്കുമെന്നും ആൻഡേഴ്സൺ തമാശരൂപേന പറയുകയുണ്ടായി.
എത്രനാൾ ഇനിയും അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടരാനാവുമെന്ന ചോദ്യത്തിന് ആൻഡേഴ്സൻ നൽകിയ ഉത്തരം ഇങ്ങനെയായിരുന്നു. “ഏകദേശം അഞ്ച്-ആറ് വർഷം എന്നേ ഇപ്പോൾ പറയാൻ സാധിക്കൂ. ഞാൻ വിചാരിക്കുന്നത് എന്റെ ശരീരം എനിക്ക് ഒരനുഗ്രഹം ആണെന്നാണ്. എന്റെ ബോളിംഗ് ആക്ഷൻ എന്നെ ബാധിക്കുന്നില്ല. ഇപ്പോഴും നല്ല സ്പീഡിൽ തന്നെയാണ് ഞാൻ ബോൾ ചെയ്യുന്നത്. ഇപ്പോഴും ത്രോ ചെയ്യാനും ബൗണ്ടറിയിലേക്ക് പോകുന്ന ബോൾ ചേസ് ചെയ്യാനും എനിക്ക് സാധിക്കും.”- ആൻഡേഴ്സൺ കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിന്റെ മാത്രമല്ല, ലോകക്രിക്കറ്റിൽ തന്നെ മികച്ച ബോളർമാർ തന്നെയാണ് ആൻഡേഴ്‌സൺ. മറ്റു ഫാസ്റ്റ് ബൗളർമാരെല്ലാം തങ്ങളുടെ 30 വയസിനു ശേഷം ബോൾ ചെയ്യാൻ ബുദ്ധിമുട്ടുമ്പോൾ പലർക്കും മാതൃക തന്നെയാണ് ജെയിംസ് ആൻഡേഴ്സൺ.