ഇന്ത്യൻ ക്രിക്കറ്റ് ടീം, നായകന്മാരുടെ കാര്യത്തിൽ വളരെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുകാലമായി വ്യത്യസ്തരായ കുറച്ചു നായകന്മാരെയാണ് ടീമിന് ലഭിച്ചിട്ടുള്ളത്. ആക്രമണോത്സുകതയുള്ള നായകനായിരുന്ന ഗാംഗുലിയും, ശാന്തശീലനായിരുന്ന എംഎസ് ധോണിയും, വികാരങ്ങൾ പുറത്തുകാട്ടുന്ന നായകനായ വിരാട്ടുമൊക്കെ ഇന്ത്യൻ ആരാധകരുടെ ആവേശമായി. അതിനുശേഷമായിരുന്നു മറ്റൊരു വ്യത്യസ്തമായ നായകസ്വഭാവവുമായി രോഹിത് ശർമ എത്തിയത്. ശാന്തതയാണ് രോഹിത് ശർമയുടെ പിൻബലം.
ഇപ്പോൾ രോഹിത് ശർമയുടെ നായകമികവിനെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചിരിക്കുന്നത് ബിസിസിഐയുടെ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ്.. ശാന്തതയാണ് രോഹിത്തിന്റെ ക്യാപ്റ്റൻസിയുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് സൗരവ് ഗാംഗുലി പറയുന്നു. അതോടൊപ്പം രോഹിത് ശർമയ്ക്ക് സ്വയം തന്റെ നായകത്വ മികവ് തെളിയിക്കാൻ അല്പസമയം ആവശ്യമാണെന്നാണ് ഗാംഗുലിയുടെ പക്ഷം. “രോഹിത് ശർമ കാര്യങ്ങൾ സംയമനത്തോടെ കൈകാര്യം ചെയ്യുന്ന ആളാണ്.
എല്ലാം മുഖത്ത് പ്രകടിപ്പിക്കുന്ന ആളുമല്ല. നമ്മൾ ഒരാളെ ഒരു ഉത്തരവാദിത്തം ഏൽപ്പിക്കുമ്പോൾ അതെങ്ങനെ നടപ്പിലാക്കണം എന്ന് പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. നമ്മൾ അവരെ പിന്തുണയ്ക്കുകയും അല്പം സമയം നൽകുകയും ചെയ്യണം. അപ്പോൾ എന്താ സംഭവിക്കുക എന്ന് നമുക്ക് കാണാം” – ഗാംഗുലി പറഞ്ഞു. അതോടൊപ്പം നായകന്മാരെ തമ്മിൽ താരതമ്യം ചെയ്യുന്നതിനോട് താൻ യോജിക്കുന്നില്ല എന്നും ഗാംഗുലി പറയുന്നു.
എല്ലാ നായകൻമാർക്കും അവരുടേതായ രീതിയുണ്ടെന്നും അതിനാൽ താരതമ്യം അഭികാമ്യമല്ലെന്നുമാണ് ദാദയുടെ പക്ഷം. ഇതോടൊപ്പം കഴിഞ്ഞ കുറച്ചുവർഷങ്ങളിലെ ഇന്ത്യൻ ക്യാപ്റ്റന്മാരെക്കുറിച്ചും ഗാംഗുലി വാചാലനാവുന്നുണ്ട്. “എംഎസ് ധോണി ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനായിരുന്നു. വിരാട് കോഹ്ലിയ്ക്കും നായകനെന്ന നിലയിൽ വലിയ റെക്കോർഡുകളാണുള്ളത്. അയാൾ ധോണിയേക്കാളും വ്യത്യസ്തനായിരുന്നു. അങ്ങനെ എല്ലാവരും വ്യത്യസ്തരാണ്. അവർ നൽകുന്ന റിസൾട്ട് മാത്രമാണ് നമ്മൾ കണക്കിലെടുക്കേണ്ടത്.” – ഗാംഗുലി പറഞ്ഞുവയ്ക്കുന്നു.