ക്രിക്കറ്റ് ലോകം കണ്ടതിൽ വെയ്ച്ച് ഏറ്റവും നിയന്ത്രണമുള്ള ബോളർമാരിൽ ഒരാളായിരുന്നു ഓസീസ് പേസർ ഗ്ലെൻ മക്ഗ്രാത്ത്. തന്റെ ബോളിന്റെ വേഗതയ്ക്കപ്പുറം, തന്റെ നീളവും ബോൾ എറിയുമ്പോളുള്ള നിയന്ത്രണവുമായാണ് മക്ഗ്രാത്ത് മികവ് കാട്ടിയിരുന്നത്. അതിനാൽ സീം ബോളിങ്ങിനെ കുറിച്ച് കൃത്യമായ കാഴ്ചപ്പാട് മാക്ഗ്രത്തിനുണ്ട്. ഇപ്പോൾ സീം ബോളർമാർ പാലിക്കേണ്ട കുറച്ച് കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഗ്ലെൻ മാക്ഗ്രാത്ത്.
ഇന്ത്യൻ ടീമിൽ പേസ് ബോളർ ഉമ്രാൻ മാലിക് സ്ഥാനം കണ്ടെത്താൻ വിഷമിക്കുന്നത് ചർച്ചയാവുന്ന സാഹചര്യത്തിലാണ് മക്ഗ്രാത്ത് പേസ് ബോളർമാർ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പറഞ്ഞത് ” സ്പീഡ് എന്ന് പറയുന്നത് ഒരു പ്രധാനകാര്യം തന്നെയാണ്. ഒരു ബോളറെ 150ന് മുകളിൽ എറിയാൻ ആർക്കും പഠിപ്പിക്കാനാവില്ല. അങ്ങനെയുള്ള കഴിവുകൾ സ്വന്തമായി അവർക്ക് ലഭിക്കുന്നതാണ്. ഇപ്പോഴത്തെ ബോളർമാർ കൂടുതൽ നിയന്ത്രണങ്ങൾ ലഭിക്കുന്നതിനായി തങ്ങളുടെ സ്പീഡ് കുറയ്ക്കാറുണ്ട്. അത് നല്ല കാര്യമല്ല” മാക്ഗ്രാത്ത് പറഞ്ഞു.
“ബോളർമാർ ചെയ്യേണ്ടത് തങ്ങളുടെ നിയന്ത്രണം മെച്ചപ്പെടുത്തുക എന്നതാണ്. നല്ല പേസിൽ ബോളെറിയുമ്പോൾ തന്നെ അവർ നിയന്ത്രണം കണ്ടെത്താൻ നെറ്റ്സിലും മറ്റും പരിശീലനങ്ങൾ തുടരണം. ഞാൻ ഉമ്രാൻ മാലിക്കിനെ അധികം കണ്ടിട്ടില്ല. എന്നിരുന്നാലും അയാൾക്ക് നല്ല പേസിൽ ബോളെറിയാൻ സാധിക്കുന്നത് സാധാരണ കാര്യമല്ല.” മക്ഗ്രാത്ത് കൂട്ടിച്ചേർക്കുന്നു.
പേസും നിയന്ത്രണവും കൃത്യമായുള്ള ബോളറെ സംബന്ധിച്ച് ഒട്ടേറെ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാനാവും എന്നാണ് മാക്ഗ്രത്തിന്റെ പക്ഷം.”നല്ല ഫാസ്റ്റിൽ ബോൾ ചെയ്യാൻ സാധിക്കുന്നവരെ കണ്ടെത്തുക എന്നത് ചെറിയ കാര്യമല്ല. അതോടൊപ്പം നല്ല നീളമുള്ള ബോളർകൂടിയാണെങ്കിൽ ബൗൺസും സ്വിങും സീമും ലഭിക്കും. “- മക്ഗ്രാത്ത് പറഞ്ഞുവയ്ക്കുന്നു. ഇന്ത്യയുടെ ഉമ്രാൻ മാലിക്കും ആവേഷ് ഖാനുമൊക്കെ മികച്ച പേസിൽ പന്തെറിഞ്ഞിട്ടും നിയന്ത്രണം കണ്ടെത്താൻ വിഷമിക്കുന്നവരാണ്. അന്താരാഷ്ട്ര മത്സരങ്ങളിലും ഇരുവരും ഫോം കണ്ടെത്താൻ നന്നേ വിഷമിച്ചിരുന്നു.