വിൻഡീസിനെതിരായി അവസാനിച്ച ഇന്ത്യയുടെ പരമ്പരയിലെ അത്ഭുതഘടകം സൂര്യകുമാർ യാദവിനെ ഓപ്പണറായി ഇറക്കിയതായിരുന്നു. ആരും പ്രതീക്ഷിക്കാത്ത ഈ തന്ത്രം വളരെ വിജയകരമായി മാറുകയും ചെയ്തു. എന്നാൽ ഇതോടുകൂടി സൂര്യകുമാർ യാദവിന്റെ ടീമിലെ ബാറ്റിംഗ് പൊസിഷൻ സംബന്ധിച്ച് ഒരുപാട് സംശയങ്ങൾ ഉണ്ടായി. നിലവിൽ ഏഷ്യാകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ സൂര്യകുമാർ എവിടെ ബാറ്റ് ചെയ്യുന്നതാണ് ഉത്തമം എന്ന ചോദ്യം നിലനിൽക്കുന്നുണ്ട്.
എന്നാൽ ഇതിനുള്ള ഉത്തരവുമായി വന്നിരിക്കുന്നത് ഓസ്ട്രേലിയയുടെ മുൻ നായകൻ റിക്കി പോണ്ടിംഗാണ്. സൂര്യകുമാർ യാദവ് ഇന്ത്യക്കായി ട്വന്റി20 മത്സരങ്ങളിൽ നാലാം നമ്പറിൽ ബാറ്റ് ചെയ്യണം എന്നാണ് പോണ്ടിങ് പറയുന്നത്. അയാൾ മികച്ച ഓപ്പണറാണ് എന്ന് സമ്മതിക്കുന്നതിനോടൊപ്പം മധ്യനിരയിലാണ് സൂര്യകുമാർ യാദവ് ഇനി കളിക്കേണ്ടതെന്നും പോണ്ടിങ് വ്യക്തമാക്കുന്നു. “എനിക്ക് തോന്നുന്നത് സൂര്യകുമാറിന് ഓപ്പണറായി ഇറങ്ങാനാകും എന്നാണ്.
പക്ഷേ അയാളെ ന്യൂബോൾ സമയത്ത് ഇറക്കുന്നതിനുപകരം മധ്യ ഓവറുകളിൽ ഇറക്കുന്നതാണ് ഏറ്റവും ഉത്തമം. അയാൾക്ക് മധ്യ ഓവറുകളിൽ കളി നിയന്ത്രിക്കാനും ഇന്നിംഗ്സിന്റെ അവസാനംവരെ പിടിച്ചുനിൽക്കാനും സാധിക്കും”- പോണ്ടിങ് പറയുന്നു. “ഇക്കാരണം കൊണ്ട് തന്നെയും സൂര്യകുമാർ നാലാം നമ്പറിൽ ബാറ്റിങ്ങിന് ഇറങ്ങുന്നതിനോടാണ് എനിക്ക് താല്പര്യം. അയാൾ ഓപ്പണായി ഇറങ്ങേണ്ട കാര്യമില്ല. നാലാം നമ്പർ തന്നെയാണ് സൂര്യകുമാറിന് പറ്റിയ പൊസിഷൻ.” പോണ്ടിംഗ് കൂട്ടിച്ചേർത്തു.
ഇതോടൊപ്പം സൂര്യകുമാർ യാദവിന്റെ ഷോട്ടുകളുടെ റേഞ്ചിനെയും റിക്കി പോണ്ടിംഗ് പ്രശംസിക്കുന്നുണ്ട്. എ ബി ഡിവില്ലിയേഴ്‌സിന്റെ പ്രതാപകാലത്തെ പോലെ ഒരു 360 ഡിഗ്രി കളിക്കാനാണ് സൂര്യകുമാർ എന്ന് പോണ്ടിംഗ് പറയുന്നു. ലാപ് ഷോട്ടുകളും ലേറ്റ് കട്ടുകളും റാംപ് ഷോട്ടുകളുമൊക്കെ കളിക്കുന്ന സൂര്യകുമാർ, വരുന്ന മത്സരങ്ങളിൽ ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലാവും എന്നാണ് പോണ്ടിംഗിന്റെ പക്ഷം.