കോഹ്ലിയെ വിലകുറച്ച്‌ കാണാൻ വരട്ടെ, അയാൾ തിരിച്ചുവരും !! കോഹ്ലിയ്ക്ക് ദാദയുടെ പച്ച സിഗ്നൽ

   

ഏഷ്യാകപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഏഷ്യയിലെ ക്രിക്കറ്റ് രാജാക്കന്മാരെ കണ്ടെത്താനുള്ള മത്സരത്തിൽ കുറച്ചു ദുർഘടസാഹചര്യങ്ങൾ ഇന്ത്യയ്ക്കുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് എന്നും ഇന്ത്യയുടെ വിശ്വസ്തനായിരുന്ന വിരാട് കോഹ്ലിയുടെ ഫോമില്ലായ്മ. കോഹ്ലിയുടെ ഫോമിനെക്കുറിച്ച് ഇപ്പോൾ സംസാരിക്കുന്നത് ബിസിസിഐയുടെ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായിരുന്ന സൗരവ് ഗാംഗുലിയാണ്.

   

വരുന്ന ഏഷ്യകപ്പ് ടൂർണമെന്റോടെ വിരാട് തന്റെ ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് ഗാംഗുലി പറയുന്നത്. നിലവിൽ കോഹ്ലിയ്ക്ക് ഏഷ്യകപ്പിൽ മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ കാഴ്ചവെച്ച പാരമ്പര്യമാണുള്ളത്. അത് തുടരുകതന്നെ ചെയ്യുമെന്നാണ് ഗാംഗുലി വിശ്വസിക്കുന്നത്. ” അയാൾ പരിശീലനങ്ങൾ തുടരട്ടെ, മത്സരങ്ങൾ കളിക്കട്ടെ.. കോഹ്ലി ഒരു വലിയ കളിക്കാരനും ഒരുപാട് റൺസ് ഇന്ത്യയ്ക്കായി നേടിയ കളിക്കാരനുമാണ്. അയാൾ തിരിച്ചു വരും എന്നെനിക്ക് നല്ല പ്രതീക്ഷയുണ്ട്. ഞാൻ വിശ്വസിക്കുന്നത് ഏഷ്യാകപ്പിലൂടെ കോഹ്ലി തന്റെ പ്രതാപകാലഫോമിലേക്ക് തിരിച്ചുവരുമെന്നാണ്”- ഗാംഗുലി പറയുന്നു.

   

ഏഷ്യാകപ്പിൽ കോഹ്ലി ഇതുവരെ 11 ഏകദിന മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. അതിൽ 61 റൺസ് ശരാശരി കോഹ്ലിയ്ക്കുണ്ട്. 5 ട്വന്റി20കളിൽ നിന്ന് 56 റൺസ് ശരാശരിയും. അതിനാൽതന്നെ ഏഷ്യാകപ്പിൽ കോഹ്ലിയിൽ നിന്നും ചെറിയ പ്രകടനങ്ങളല്ല ഇന്ത്യൻ ആരാധകർ പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും താൻ അവസാനമായി കളിച്ച ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മോശം ബാറ്റിംഗ് പ്രകടനം കോഹ്ലിയ്ക്ക് കല്ലുകടിയാവാനും സാധ്യതയുണ്ട്.

   

വിൻഡീസിനെതിരായ ഇന്ത്യയുടെ പര്യടനം എല്ലാ അർത്ഥത്തിലും കോഹ്‌ലിക്ക് ഫോമിലേക്ക് തിരിച്ചെത്താൻ അവസരമായിരുന്നു. എന്നാൽ കോഹ്ലി പര്യടനത്തിൽ നിന്ന് വിട്ടുനിന്നു. ഈ മാസം 28ന് ബദ്ധശത്രുക്കളായ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ ഏഷ്യകപ്പ് മത്സരം. അവസാനമായി ഏഷ്യാകപ്പിൽ ഇന്ത്യയെ പാകിസ്താൻ പരാജയപ്പെടുത്തിയത് 2014ൽ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *