ഇന്ത്യൻ ടീമിലേക്ക് ഒരു പ്രത്യേകതരം ബോളിംഗ് രീതിയുമായി കടന്നുവന്ന ബോളറായിരുന്നു വാഷിംഗ്ടൺ സുന്ദർ. ഫ്ലാറ്റ് സ്പിന്നുമായി വന്ന സുന്ദർ ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനങ്ങൾ കാഴ്ചവയ്ക്കുകയും ഉണ്ടായി. എന്നാൽ തന്റെ കരിയറിൽ ഉടനീളം ശാപമെന്നപോൽ സുന്ദറിനെ പരിക്കുകൾ പിടികൂടിയിരുന്നു. ഇപ്പോൾ വീണ്ടും പരിക്കിന്റെ പിടിയിലായിരിക്കുകയാണ് സുന്ദർ. ഇന്ത്യയുടെ സിംബാബ്വെയ്ക്കെതിരായ പരമ്പര ഈ മാസം 18ന് തുടങ്ങാനിരിക്കെയാണ് സുന്ദറിന് തോളിനു പരിക്കേറ്റത്. ഇതോടെ സിംബാബ്വേയ്ക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് സുന്ദറിനെ ഒഴിവാക്കിയിട്ടുണ്ട്.
കൗണ്ടി ക്രിക്കറ്റിൽ ലങ്കാഷെയറും വർസെസ്റ്റർഷെയറും തമ്മിൽ നടന്ന മത്സരത്തിലായിരുന്നു വാഷിംഗ്ടൺ സുന്ദറിന് പരിക്കേറ്റത്. അതിനാൽ തന്നെ സുന്ദർ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ എത്തി ഫിറ്റ്നസ് തെളിയിക്കേണ്ടതുണ്ട്. ഈ വർഷം അവസാനം നടക്കുന്ന ട്വന്റി20 ലോകകപ്പിലും വാഷിംഗ്ടൺ സുന്ദറിന്റെ സാന്നിധ്യം ഇതോടെ സംശയത്തിൽ ആയിട്ടുണ്ട്.
പിടിഐയുമായി നടത്തിയ അഭിമുഖത്തിൽ ഒരു ബിസിസിഐ ഒഫീഷ്യലാണ് ഈ വിവരം പുറത്തുവിട്ടത്. “വാഷിംഗ്ടൺ സുന്ദറിനെ സിംബാബ്‌വെ പര്യടനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അയാളുടെ ഇടതു തോളിൽ പരിക്കുപറ്റിയതിനാലാണ് ഒഴിവാക്കിയിരുന്നത്. കൗണ്ടി ക്രിക്കറ്റ് മത്സരത്തിൽ ഫീൽഡ് ചെയ്യുമ്പോഴായിരുന്നു പരിക്കുണ്ടായത്. അതിനാൽതന്നെ അയാൾ NCAയിൽ എത്തേണ്ടിവരും.”
കൂടാതെ വാഷിംഗ്ടൺ സുന്ദർ തന്റെ കരിയറിലെ ഏറ്റവും നിർഭാഗ്യവാനായ കളിക്കാരനാണെന്നും ഒഫീഷ്യൽ പറയുന്നു. “സുന്ദർ നല്ല കഴിവുള്ള ഒരു കളിക്കാരൻ തന്നെയാണ്. എന്നാൽ അയാൾക്ക് തുടർച്ചയായി ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധിക്കാതെ വരുന്നു. കുറച്ചു ഭാഗ്യം കൂടി അയാൾക്ക് ആവശ്യമാണ്. പുതിയ പരിക്ക് ഉണ്ടായിരിക്കുന്നത് പര്യടനത്തിന് ഒരാഴ്ച മാത്രം മുൻപാണ്.”-ഒഫീഷ്യൽ കൂട്ടിച്ചേർത്തു. 2002ൽ തന്നെ മിക്കവാറും പരമ്പരകളും സുന്ദറിന് നഷ്ടമായിരുന്നു. ഇതിനിടെ കോവിഡ് പോലും സുന്ദറിനെ ബാധിച്ചു.