ഇന്ത്യൻ ടീമിലെ കവർ ഡ്രൈവുകളും സുൽത്താൻ.. അതായിരുന്നു സൗരവ് ഗാംഗുലി. കോഴവിവാദത്തിലും മറ്റും പെട്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യസമയത്ത് കിടന്ന ഇന്ത്യൻ ടീമിനെ തഴുകിയുയർത്താൻ ഒരു സ്പാർക്ക് വേണമായിരുന്നു. ആ സ്പാർക്കായിരുന്നു കൊൽക്കത്തയുടെ രാജകുമാരൻ ഇന്ത്യയ്ക്ക് നൽകിയ ആദ്യ സംഭാവന. എങ്ങുമെത്താതെ കിടന്ന ഇന്ത്യൻ ടീമിനെ ഏറ്റെടുത്ത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടീമാക്കി മാറ്റിയതിൽ ഗാംഗുലിക്കുള്ള പ്രാധാന്യം ചെറുതായിരുന്നില്ല.
1992ലായിരുന്നു ദാദ ഇന്ത്യൻ ടീമിനുവേണ്ടി ആദ്യമായി ബാറ്റേന്തിയത്. അന്ന് വിൻഡീസിനെതിരെ തന്റെ ആദ്യ ഏകദിനം കളിക്കുമ്പോൾ ഗാംഗുലിക്ക് പ്രായം 20 വയസ്സ്. ആദ്യ മത്സരത്തിൽ തന്നെ ഓഫ്സൈഡിനോട് തനിക്കുള്ള താല്പര്യം ഗാംഗുലി അറിയിച്ചു. എന്നാൽ ആദ്യ മത്സരങ്ങൾക്ക് ശേഷം കുറച്ചധികം കാലം ഗാംഗുലിക്ക് പുറത്തിരിക്കേണ്ടിവന്നു. ടീമിന്റെ സ്ഥിരസാന്നിധ്യമാകാൻ ഗാംഗുലിക്ക് സാധിച്ചില്ല.
പിന്നീട് ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തി ഗാംഗുലി ടീമിലേക്ക് തിരിച്ചെത്തി. 2000ൽ കുറച്ചധികം ഇന്ത്യൻ കളിക്കാർ കോഴവിവാദത്തിൽ പെട്ടതോടെ ഗാംഗുലിയെ ഇന്ത്യ ക്യാപ്റ്റനായി നിയമിച്ചു. പിന്നീട് ബാറ്റ് കൊണ്ടും ബോളുകൊണ്ടും ക്യാപ്റ്റനെന്ന നിലയിലും ഗാംഗുലി അത്ഭുതം കാട്ടി. ഓഫ് സൈഡിലൂടെ സുന്ദരമായ ഷോട്ടുകൾ പായിച്ച ഗാംഗുലി പെട്ടെന്ന് തന്നെ ശ്രദ്ധപിടിച്ചുപറ്റി.
ഇന്ത്യയ്ക്കായി നായകനെന്ന നിലയിൽ ഒരുപാട് നേട്ടങ്ങളും കൊയ്തു. ഇന്ത്യൻ ടീമിന് പുറമെ ലങ്കാഷെയർ, ഗ്ലാമോർഗൺ, നോർതാംറ്റൺ, കൊൽക്കത്ത, പൂനെ എന്നീ ടീമുകൾക്കായും ഗാംഗുലി കളിച്ചു. ഇന്ത്യയ്ക്കായി 113 ടെസ്റ്റ് മത്സരങ്ങളും 311 ഏകദിന മത്സരങ്ങളുമാണ് ഗാംഗുലി തന്റെ കരിയറിൽ കളിച്ചിട്ടുള്ളത്. ടെസ്റ്റിൽ 16 സെഞ്ച്വറികളടക്കം 7212 റൺസും, ഏകദിനത്തിൽ 22 സെഞ്ച്വറിയടക്കം 11303 റൺസുകൾ നേടിയിട്ടുണ്ട്. എക്കാലത്തെയും മികച്ച ഇന്ത്യൻ ക്യാപ്റ്റൻ തന്നെയാണ് സൗരവ് ഗാംഗുലി.