നിലവിൽ ഇന്ത്യൻ ടീമിൽ വർദ്ധിച്ചുവരുന്ന ബാറ്റർമാരുടെ എണ്ണം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ സമീപകാലത്ത് ഇന്ത്യയ്ക്ക് ഇത് ഒരുപാട് ഉപകാരങ്ങളും ചെയ്തിട്ടുണ്ട്. കെ എൽ രാഹുലും ശിഖർ ധവാനും സഞ്ജു സാംസണുമടക്കം പല ബാറ്റർർമാരും ഇന്ത്യൻ ടീമിനായി ഓപ്പൺ ചെയ്യാൻ തയ്യാറായിനിൽക്കുകയാണ്. ഇവരോടൊപ്പം മികച്ച പ്രകടനങ്ങളുമായി ഏകദിന മത്സരങ്ങളിലെ ഓപ്പണിങ് സ്ഥാനത്തിനായി പൊരുതുന്ന കളിക്കാരനാണ് ശുഭമാൻ ഗിൽ.
2023ൽ നടക്കുന്ന ഏകദിന ലോകകപ്പിലേക്ക് ഇന്ത്യൻ ഓപ്പണറായി ശുഭ്മാൻ ഗില്ലിനെ വാർത്തെടുക്കാൻ സാധിക്കുമെന്നാണ് മുൻ ഇന്ത്യൻ താരം ദീപ്ദാസ്ഗുപ്തയുടെ അഭിപ്രായം. നിലവിലെ ഇന്ത്യയുടെ സിംബാബ്വെക്കെതിരായ മത്സരങ്ങളിൽ രാഹുലും ശിഖർ ധവാനും ആയിരിക്കണം ഇന്നിങ്സ് ഓപ്പൺ ചെയ്യേണ്ടത് എന്നും ഗുപ്ത പറയുന്നു. ഇതിനുള്ള കാരണം അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. “വിൻഡീസിനെതിരായ വമ്പൻ പ്രകടനം കഴിഞ്ഞാണ് ശുഭമാൻ ഗിൽ നിൽക്കുന്നത്.
എന്നിരുന്നാലും കെ എൽ രാഹുൽ തന്നെ ഇന്ത്യക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നതാണ് ഇപ്പോൾ നല്ലത്. കാരണം ഇപ്പോൾ നമ്മൾ ലക്ഷ്യം വയ്ക്കേണ്ടത് ഏഷ്യാകപ്പിനുള്ള ട്വന്റി20 ടീമിലേക്ക് കെഎൽ രാഹുലിനെ പൂർണ്ണഫോമോടെ എത്തിക്കുക എന്നുള്ളതാണ്. അതിനായി അയാൾക്ക് കുറച്ചധികം അവസരങ്ങൾ നൽകേണ്ടതുണ്ട്. അതിനാൽ രാഹുൽ തന്നെ ഓപ്പൺ ചെയ്യണം” – ഗുപ്ത പറയുന്നു. “ഇതൊരു ചെറിയ കാലത്തേക്കാണ്.
അതിനുശേഷം ഏകദിന മത്സരങ്ങളിൽ ഗിൽ തന്നെ ഓപ്പണറാവുന്നതാണ് അഭികാമ്യം. അങ്ങനെയെങ്കിൽ ഗില്ലിനെ നമുക്ക് വരുന്ന ഏകദിന ലോകകപ്പിലേക്ക് ഓപ്പണറായി വാർത്തെടുക്കാൻ സാധിക്കും. എന്തായാലും സിംബാബ്വെയ്ക്കെതിരായ പരമ്പരയിൽ ഗിൽ മൂന്നാമനായി ഇറങ്ങുന്നതാണ് നല്ലത്”- ഗുപ്ത പറയുന്നു. സിംബാബ്വെക്കെതിരായ ഇന്ത്യയുടെ പരമ്പരയിൽ രാഹുലിനെയാണ് ക്യാപ്റ്റനായി നിശ്ചയിച്ചിരിക്കുന്നത്. വിവിഎസ് ലക്ഷ്മൺ ആയിരിക്കും ഇന്ത്യയുടെ കോച്ച്. ഈ മാസം 18 മുതലാണ് പരമ്പര ആരംഭിക്കുക.