ഇന്ത്യൻ ടീമിന് എന്നും മുതൽക്കൂട്ടായിട്ടുണ്ട് ഒന്നാണ് സ്പിൻ വിഭാഗം. ഉപഭൂഖണ്ഡത്തിലെ പിച്ചുകൾ സ്പിന്നിനെ തുണയ്ക്കുന്നതിനാൽ തന്നെ മികച്ച ഒരു സ്പിൻ അറ്റാക്ക് ഉണ്ടാക്കേണ്ടത് ഇന്ത്യൻ ടീമിന്റെ ആവശ്യകതയാണ്. രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് തുടങ്ങിയവരൊക്കെ ഇന്ത്യയുടെ പ്രധാന സ്പിന്നർമാരാണ്. അതിനാൽതന്നെ ഇവരിൽനിന്നും മികച്ച സ്പിന്നറെ കണ്ടെത്തി ടീമിലേക്ക് എത്തിക്കുക എന്നത് പ്രയാസകരമാണ്.
എന്നാൽ 2022 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് സ്പിന്നർമാരെ കണ്ടെത്തുന്നതിൽ തന്റെ അഭിപ്രായം അറിയിച്ചിരിക്കുന്നത് ഇന്ത്യയുടെ മുൻ ബാറ്ററായ ആകാശ് ചോപ്രയാണ്. 2022 ട്വന്റി20 ലോകകപ്പിൽ കുൽദീപ് യാദവിനെ രണ്ടാം റിസ്റ്റ് സ്പിന്നറായി ടീമിലെത്തിക്കണമെന്നാണ് ചോപ്രയുടെ അഭിപ്രായം. രവി ബിഷണോയെക്കാളും ഇന്ത്യൻ ടീമിൽ സാന്നിധ്യമറിയിക്കാൻ കുൽദീപ് യാദവിന് സാധിക്കുമെന്ന് ചോപ്ര വിശ്വസിക്കുന്നു. ആദ്യ സ്പിന്നറായി ഇന്ത്യ യുസ്‌വെന്ദ്ര ചാഹലിനെ നിശ്ചയിക്കുമെന്നാണ് ചോപ്രയുടെ അഭിപ്രായം.
“നിലവിൽ ഇന്ത്യൻ സ്‌ക്വാഡിലേക്ക് ബിഷ്ണോയും കുൽദീപും തമ്മിൽ ഒരു മത്സരം നടക്കുന്നുണ്ട്. എനിക്ക് ബിഷണോയെ ഇഷ്ടമാണ്, പക്ഷേ കുൽദീപാണ് അധികം വേരിയേഷനുകൾ ഉള്ള ബോളർ. നമ്മൾ ഒരു വിക്കറ്റ് ടേക്കിങ് ബോളറെയാണ് അന്വേഷിക്കുന്നതെങ്കിൽ, ഒരു ഇടങ്കയ്യനായ, ബോൾ നന്നായി തിരിക്കുന്ന, വ്യത്യസ്തമായ സ്റ്റൈലുള്ള കുൽദീപ് യാദവാവും ടീമിന് നല്ലത് ” – ആകാശ് ചോപ്ര പറഞ്ഞുവയ്ക്കുന്നു.
ഇക്കാര്യം പറയുമ്പോഴും ബിഷ്ണോയി, പ്രകടനങ്ങളുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല എന്ന അഭിപ്രായമാണ് ചോപ്രക്കുള്ളത്. “രവി ബിഷണോയി ഏഷ്യാകപ്പിനെ ഇന്ത്യൻ സ്‌ക്വാഡ് അംഗമാണ്. ലോകകപ്പിനുശേഷം കളിച്ച ഒൻപത് മത്സരങ്ങളിൽനിന്ന് ബിഷ്ണോയി 15 വിക്കറ്റുകൾ നേടിയിട്ടുണ്ട്.” ചോപ്ര കൂട്ടിച്ചേർക്കുന്നു. എന്തായാലും ഇരുബോളർമാരും മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോൾ സെലക്ടർമാർക്കാണ് കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുന്നത്.