ഇന്ത്യൻ ടീമിന്റെ സിംബാബ്‌വെ പര്യടനത്തിൽ ശിഖർ ധവാനെയാണ് ആദ്യം ക്യാപ്റ്റനായി നിശ്ചയിച്ചിരുന്നത്. ശേഷം കെ എൽ രാഹുൽ ടീമിലേക്ക് എത്തിയതോടെ ധവാന്റെ നായകസ്ഥാനം പിൻവലിച്ച് കെ എൽ രാഹുലിനെ ക്യാപ്റ്റനാക്കി. ഈ തീരുമാനത്തിനെതിരെ പ്രതിഷേധം അറിയിച്ച് ഒരുപാട് മുൻക്രിക്കറ്റർമാർ വരികയുണ്ടായി. ഇപ്പോൾ ഇക്കാര്യത്തിൽ സംസാരിച്ചിരിക്കുന്നത് ഇന്ത്യയുടെ മുൻ താരം ആകാശ് ചോപ്രയാണ്. ശിഖർ ധവാനുപകരം കെ എൽ രാഹുലിനെ ക്യാപ്റ്റനായി നിയമിച്ച തീരുമാനം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് ചോപ്രയുടെ പക്ഷം.
“ഞാൻ പൂർണ്ണമായും ആ തീരുമാനത്തോട് വിയോജിക്കുകയാണ്. ഞാനായിരുന്നുവെങ്കിൽ ആ തീരുമാനം ഒഴിവാക്കിയേനെ. നേരത്തെ രാഹുൽ സിംബാബ്വേയ്ക്കെതിരായ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ പേര് ഏഷ്യാകപ്പ് സ്‌ക്വാഡിൽ ഉൾപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹം നിലവിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് എന്നതും ഞാൻ അംഗീകരിക്കുന്നു.
പക്ഷേ നിലവിൽ 8-10 ക്യാപ്റ്റൻമാർ ഇന്ത്യയ്ക്കുള്ളപ്പോൾ ഇങ്ങനെ മാറ്റി നിശ്ചയിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല”- ചോപ്ര പറയുന്നു. “രോഹിത് ശർമ,ഋഷഭ് പന്ത്, ഹർദിക് പാണ്ഡ്യ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ ഇവരെല്ലാം ക്യാപ്റ്റൻമാരാണ്. ടീമിലെ പലരും നായകൻമാരായി മാറി. സൂര്യകുമാർ യാദവും ക്യാപ്റ്റൻസിയിൽ നിന്ന് ഒരുപാടു ദൂരത്താണെണ് ഞാൻ വിശ്വസിക്കുന്നില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ ഈ തീരുമാനം അത്ര അത്യാവശ്യമായിരുന്നില്ല.
പൂർണമായും ഇത് ഒഴിവാക്കാമായിരുന്നു.” ചോപ്ര കൂട്ടിച്ചേർത്തു. ഇന്ത്യയുടെ വിൻഡീസിനെതിരായ ഏകദിന പരമ്പരയിലും ഇന്ത്യൻ ടീമിനെ നയിച്ചത് ശിഖർ ധവാനായിരുന്നു. മുൻപും ഇന്ത്യയുടെ ക്യാപ്റ്റനായിട്ടുള്ള ധവാൻ പലതവണ തന്റെ നായകനാവാനുള്ള കഴിവ് വെളിപ്പെടുത്തിയിട്ടുണ്ട്. വൈൻഡീസിനെതിരെ ഇന്ത്യ 3-0ന് പരമ്പര സ്വന്തമാക്കിയത് ഇതിന് തെളിവായിരുന്നു.