ഇന്ത്യയുടെ ബോളിംഗ് നിരയിലെ ഒരു പ്രധാന ബോളർ തന്നെയാണ് ജസ്പ്രീത് ബുമ്ര. ഇന്ത്യൻ സീം ബോളിംഗിന് വ്യത്യസ്തമായ ഒരു തലം സമ്മാനിക്കാൻ ബുമ്രക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാൽ നിലവിൽ പരിക്കുകൾ ബുമ്രയെ തുടർച്ചയായി പിടികൂടുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. കഴിഞ്ഞ ഒരുപാട് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്ന ബുമ്രയെ, പരിക്കുമൂലം ഏഷ്യാകപ്പ് സ്ക്വാഡിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ട്. ബുമ്രയുടെ പരിക്കുകൾകൾക്കുള്ള കാരണത്തിന്റെ ഒരു അപഗ്രഥനം നടത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.
ഇന്ത്യൻ ടീമിൽ കഴിഞ്ഞവർഷങ്ങളിൽ വർദ്ധിച്ചുവന്ന ജോലിഭാരം ഒരു പരിധിവരെ ബുമ്രയെ ബാധിച്ചിട്ടുണ്ട് എന്നാണ് ആകാശ് ചോപ്ര പറയുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടെ ഇന്ത്യയുടെ 70% മത്സരങ്ങളിലും ബുമ്ര കളിച്ചിട്ടില്ല. ഇതോടൊപ്പംതന്നെ ബുമ്രയുടെ പ്രത്യേകതയുള്ള ബോളിംഗ് ആക്ഷനും പരിക്കിന് ഒരു പ്രധാന കാരണമായി മാറുന്നുണ്ട് എന്ന് ചോപ്ര പറയുന്നു. “ബുമ്ര ഇന്ത്യൻ ടീമിലേക്ക് ചേക്കേറിയ സമയത്ത് അദ്ദേഹത്തിന്റെ വ്യത്യസ്തമായ ബോളിംഗ് ആക്ഷനെകുറിച്ച് ഒരുപാട് സംസാരം ഉയർന്നിരുന്നു.
ബോൾ ചെയ്യുമ്പോൾ ബുമ്രയുടെ ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ സമ്മർദമുണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ പിൻവശങ്ങളും ലീഗ്മെന്റുമൊക്കെ പ്രയാസപ്പെടും.” ചോപ്ര പറയുന്നു. “ബോളിങ് എന്നതുതന്നെ സാധാരണമല്ല. ബോളർമാർക്ക് എപ്പോൾ വേണമെങ്കിലും പരിക്കുകൾ പറ്റിയേക്കാം. ബുമ്രയെ സംബന്ധിച്ച് ഇതിനൊപ്പം വ്യത്യസ്തമായ ബോളിംഗ് ആക്ഷൻ കൂടിയായതോടെ കാര്യങ്ങൾ അനായാസമല്ല.
അതിനാൽ ഒരുപാട് പരിക്കുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. “- ചോപ്ര കൂട്ടിച്ചേർത്തു. നേരത്തെ തന്നെ ഒരുപാട് ക്രിക്കറ്റ് അനലിസ്റ്റുകൾ ബുമ്രയെപ്പറ്റി സംസാരിച്ചിരുന്നു. ഈ ബോളിംഗ് ആക്ഷൻ മൂലം ബാക്ക്പ്രഷർ ഉണ്ടാവാനും ഒരുപാട് പരിക്കുകൾ ഉണ്ടാവാനുമുള്ള സാധ്യതയെപ്പറ്റിയും സംസാരിച്ചിരുന്നു. അതിനാൽതന്നെ ഇന്ത്യ പലപ്പോഴും ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് പോലും ബുമ്രയെ ഒഴിവാക്കിയിരുന്നു.