നിലവിൽ ഐപിഎല്ലിന് പുറമെ യുഎഇ ട്വന്റി20 ലീഗിലും ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിലും ടീമുകൾ ഉള്ള ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യൻസ്. അവരുടെ ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗ് ടീമായ MI കേപ്ടൗണും യുഎഇ ട്വന്റി20 ലീഗ് ടീമായ MI എമിറേറ്റ്സ് ടീമും കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അതിനൊപ്പം MI എമിറേറ്റ്സ് ടീമിലെ മുഴുവൻ കളിക്കാരുടെയും പൂർണ്ണമായ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ടീം ഉടമകളിപ്പോൾ. 15 പേരടങ്ങുന്ന സ്ക്വാഡ് യുഎഇ ട്വന്റി20 ലീഗിന്റെ ആദ്യ സീസണ് വേണ്ടി രൂപീകരിച്ചതാണ്.
മുംബൈ ഇന്ത്യൻസ് ടീമിനെ താരങ്ങളും മുൻതാരങ്ങളുമാണ് MI എമിറേറ്റ്സ് ടീമിലും അണിനിരക്കുന്നത്. എന്നാൽ എല്ലാവരും ചേരുമ്പോൾ ഒരു വമ്പൻ ടീമാണ് MI എമിറേറ്റ്സ്. മുംബൈയുടെ എക്കാലത്തെയും വിശ്വസ്തനായ ഓൾറൗണ്ടർ കീറോൺ പൊള്ളാർഡാണ് ടീമിന്റെ നട്ടെല്ല്. ഒപ്പം വിൻഡിസ് ഓൾറൗണ്ടർ ഡ്വേയ്ൻ ബ്രാവോയും ടീമിലുണ്ട്. ഇരുവരുടെയും കോമ്പിനേഷൻ MI എമിറേറ്റ്സിന് ശക്തിയാകും.
ഒപ്പം വിൻഡീസിന്റെ ഇടംകൈയ്യൻ ബാറ്ററായ നിക്കോളാസ് പൂരൻ, ന്യൂസിലാൻഡ് ഇടംകൈയൻ പേസർ ട്രെന്റ് ബോൾട്ട് എന്നിവരും ടീമിലുണ്ട്. സ്പിൻ വിഭാഗത്തിൽ വെറ്ററൻ കളിക്കാരായ ദക്ഷിണാഫ്രിക്കയുടെ ഇമ്രാൻ താഹിറും ഇംഗ്ലണ്ടിന്റെ സമിത് പട്ടേളുമാണ് ഉള്ളത്. കൂടാതെ ഇംഗ്ലണ്ട് ബാറ്റർ വിൽ സ്മീഡും ടീമിലുണ്ട്. ഇംഗ്ലണ്ടിന്റെ കുട്ടി ക്രിക്കറ്റായ The Hundreds ൽ ആദ്യ സെഞ്ച്വറി നേടിയ വിൽ സ്മീഡ് ശ്രദ്ധയാകർഷിച്ചിരുന്നു.
നെതർലൻസ് യുവതാരം ബാസ് ഡി ലീഡും ടീമിലുണ്ട്. കൂടാതെ വിൻഡിസ് ഓപ്പണിങ് വെടിക്കെട്ട് വീരൻ ആൻഡ്രെ ഫ്ലച്ചർ, ഓൾറൗണ്ടർ ജോർദാൻ തോംസൺ, അഫ്ഗാനിസ്ഥാൻ ബാറ്റർ നജീബുള്ള സദ്രാൻ, ബ്രാഡ് ലീ തുടങ്ങിയ യുവതാരങ്ങളാണ് ടീമിന്റെ മറ്റൊരു ആകർഷണീയത. എന്തായാലും ഇത്തവണത്തെ യുഎഇ ലീഗിൽ വിസ്ഫോടനങ്ങളുണ്ടാകും എന്ന സൂചനയാണ് MI എമിറേറ്റ്സ് ടീം നമുക്ക് നൽകുന്നത്.