ലോകക്രിക്കറ്റിന്റെ തന്നെ ഭാവി മാറ്റിമറിച്ച ഒന്നായിരുന്നു ഐപിഎൽ. ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാമേഖലയിലും സ്വാധീനിച്ച ഐപിഎൽ സാമ്പത്തികമായും പ്രകടനപരമായും വലിയ വിജയം തന്നെയായിരുന്നു. യുവതാരങ്ങൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ച് ദേശീയ ടീമിൽ എത്താനുള്ള വഴി ഐപിഎൽ തുറന്നുകൊടുക്കുന്നു. അതിനാൽതന്നെ മറ്റൊരു ഐപിഎൽ കൂടി ആരംഭിക്കുകയാണ് ബിസിസിഐ. വനിതാ ക്രിക്കറ്റർമാർ പങ്കെടുക്കുന്ന വനിതാ ഐപിഎൽ (WIPL) 2023 മുതൽ ആരംഭിക്കുമെന്ന വാർത്ത പുറത്തുവിട്ടത് ബിസിസിഐ തന്നെയാണ്.
2023 മാർച്ചിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റായി വനിതാ ഐപിഎൽ നടത്താനാണ് ബിസിസിഐ നിശ്ചയിച്ചിരിക്കുന്നത്. 2023 വനിതാ ഐപിഎല്ലിൽ 5 ടീമുകളാവും ഉണ്ടാവുക. ബിസിസിഐ ഇക്കാര്യം സംസാരിക്കുകയും മാർച്ച് മാസമാണ് ഉത്തമമെന്ന് കണ്ടെത്തുകയും ചെയ്തു എന്നാണ് റിപ്പോർട്ട്.
“വനിതാ ഐപിഎൽ 2023 മാർച്ചിലെ ആദ്യ ആഴ്ചയിൽ തന്നെ ആരംഭിക്കും. ആദ്യ സീസണിൽ നാല് ആഴ്ചകൾ നീണ്ടുനിൽക്കുന്ന ടൂർണമെന്റാവും ഉണ്ടാവുക. ഫെബ്രുവരി 9 മുതൽ 26 വരെയാണ് ദക്ഷിണാഫ്രിക്കയിൽ വനിതകളുടെ ട്വന്റി 20 ലോകകപ്പ് നടക്കുന്നത്. അതിനുശേഷം ഉടൻതന്നെ ഐപിഎൽ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങൾ.”- ഒരു ബിസിസിഐ ഒഫീഷ്യൽ PTI ന്യൂസിനോട് പറഞ്ഞു
“നിലവിൽ അഞ്ച് ടീമുകൾ വെച്ചാവും ടൂർണമെന്റ് ആരംഭിക്കുക. എന്നാൽ പിന്നീട് ഇത് ആറ് ടീമുകളാവും. കാരണം ഒരുപാട് ഉടമകൾ വനിതാ ഐപിഎല്ലിൽ താൽപര്യം കാണിക്കുന്നുണ്ട്. ചെറിയ സമയത്തിനുള്ളിൽ തന്നെ ലേലവും മറ്റു കാര്യങ്ങളും സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിടുന്നതാവും.”- ബിസിസിഐ ഒഫീഷ്യൽ കൂട്ടിച്ചേർത്തു. നേരത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും വനിതാ ഐപിഎല്ലിന്റെ കാര്യത്തിൽ സ്ഥിരീകരണം അറിയിച്ചിരുന്നു.