ഇന്ത്യൻ ഏകദിനടീമിലെ പ്രധാന ഓപ്പണറാണ് ശിഖർ ധവാൻ. കുറച്ചധികം മത്സരങ്ങളായി നായകൻ എന്ന നിലയിലും ബാറ്റർ എന്ന നിലയിലും ഏകദിനങ്ങളിൽ മികച്ച പ്രകടനങ്ങളാണ് ധവാൻ കാഴ്ചവച്ചിട്ടുള്ളത്. അതിനാൽതന്നെ ധവാനെ സിംബാബ്വേയ്ക്കെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ നായകനായി നിശ്ചയിച്ചിരുന്നു. എന്നാൽ ഇപ്പോൾ കെഎൽ രാഹുൽ സ്ക്വാഡിലേക്ക് തിരിച്ചെത്തിയതോടെ ധവാന്റെ ക്യാപ്റ്റൻ സ്ഥാനം രാഹുലിന് നൽകുകയാണുണ്ടായത്. കൂടാതെ ധവാനെ ഉപനായകനായി മാറ്റുകയും ചെയ്തു. ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ രീതിയിലുള്ള പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടത്.
ബിസിസിഐ മെഡിക്കൽ ടീം രാഹുലിനെ പരിശോധിക്കുകയും മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യനാണെന്ന് വിലയിരുത്തുകയും ചെയ്തു എന്നാണ് ബിസിസിഐ പറഞ്ഞത്. പക്ഷേ രാഹുലിനെ തിരിച്ചുവരവിൽതന്നെ ക്യാപ്റ്റനായി നിശ്ചയിക്കേണ്ടതുണ്ടായിരുന്നോ എന്നതാണ് സോഷ്യൽ മീഡിയയിൽ അലയടിക്കുന്ന ചോദ്യം. ഒപ്പം ഇത് ധവാനോട് ബിസിസിഐ കാണിക്കുന്ന ബഹുമാനക്കുറവ് തന്നെയാണെന്നും ട്വീറ്റുകൾ പറയുന്നു.
വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയെ നയിച്ചത് ശിഖർ ധവാൻ ആയിരുന്നു. പരമ്പര 3-0ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. മാത്രമല്ല ബാറ്റിങ്ങിലും മികച്ച പ്രകടനമായിരുന്നു ധവാൻ കാഴ്ചവച്ചത്. പരമ്പരയിലാകെ 56 റൺസ് ശരാശരിയിൽ 168 റൺസ് ധവാൻ നേടിയിരുന്നു. അതിനാൽതന്നെ ഇപ്പോൾ ധവാനെ നായകസ്ഥാനത്തുനിന്നും മാറ്റിയതിനെ സംബന്ധിച്ച് പ്രതിഷേധമുയർന്നിട്ടുണ്ട്.
“ഒന്നുകിൽ ബിസിസിഐ രാഹുലിന്റെ ഫിറ്റ്നസ് ടെസ്റ്റ് കഴിയുന്നതുവരെ ടീം പ്രഖ്യാപിക്കാതെ ഇരിക്കണമായിരുന്നു. അല്ലെങ്കിൽ ധവാനെ തന്റെ ക്യാപ്റ്റനായി തുടരാൻ അനുവദിക്കണമായിരുന്നു. പ്രഖ്യാപിച്ചശേഷം മാറ്റുന്നത് നല്ലതല്ല” ഒരു ആരാധകന്റെ ട്വീറ്റിൽ പറയുന്നു. എന്തായാലും ഈ മാസം 18 മുതൽ 22 വരെയാണ് ഇന്ത്യയുടെ സിംബാബ്വെക്കെതിരായ പരമ്പര നടക്കുക.