ക്രിക്കറ്റിൽ ഏറ്റവും സുന്ദരമായതെന്തെന്ന് ചോദിച്ചാൽ നിസംശയം പറയാവുന്ന ഒന്നാണ് ഇടങ്കയ്യൻ ക്രിക്കറ്റർമാരുടെ ഷോട്ടുകൾ. സൗരവ് ഗാംഗുലിയും സുരേഷ് റെയ്നയും മോർഗനുമൊക്കെ കളിക്കുന്ന ഷോട്ടുകൾ പലപ്പോഴും കാഴ്ചക്കാരെ വളരെ ആകർഷിക്കാറുണ്ട്. ഷോട്ടുകളുടെ സൗന്ദര്യത്തിൽ ഇവരുടെയൊക്കെ തലതൊട്ടപ്പനായ ക്രിക്കറ്ററാണ് യുവരാജ് സിംഗ്. യുവരാജിന്റെ സ്ലോഗ് സ്വീപ്പുകൾക്ക് ഒരു പ്രത്യേക ആരാധകവൃന്ദം തന്നേയുണ്ട്.
ഷോട്ടുകളിൽ മാത്രമല്ല തന്റെ ക്രിക്കറ്റ് കരിയറിൽ ഉടനീളം സൗന്ദര്യം വാരിവിതറിയ ക്രിക്കറ്ററായിരുന്നു യുവരാജ് സിംഗ്. നിൽപ്പിലും മട്ടിലുമൊക്കെ തെല്ലും ഭയമില്ലാത്ത ഒരു സിംഹത്തിന്റെ മനോഭാവവും സംഹാരതാണ്ഡവുമൊക്കെ യുവരാജിന്റെ ക്രിക്കറ്റ് കരിയറിലുടനീളം ഉണ്ടായിട്ടുണ്ട്. 2000 മുതലായിരുന്നു യുവരാജ് എന്ന മാന്ത്രികൻ ഇന്ത്യൻ ക്രിക്കറ്റിനൊപ്പം സഞ്ചരിക്കാൻ ആരംഭിച്ചത്. കെനിയയ്‌ക്കെതിരായി തന്റെ ആദ്യ ഏകദിനം കളിച്ച യുവരാജിന്റെ കരിയർ പെട്ടെന്ന് വളരുകയായിരുന്നു.
സൗരവ് ഗാംഗുലിയുടെയും മഹേന്ദ്രസിംഗ് ധോണിയുടെയും പല സമയത്തെയും തുറുപ്പുചീട്ടായിരുന്നു യുവരാജ് സിങ്. ബാക്കിയെല്ലാ കളിക്കാരും റൺസ് കണ്ടെത്താൻ വിഷമിച്ചപ്പോൾ യുവരാജിന്റെ ബാറ്റ് തീതുപ്പി. ഇന്ത്യക്ക് വിക്കറ്റ് വേണ്ടപ്പോഴൊക്കെ യുവരാജ് ബോൾ കൊണ്ട് അത്ഭുതം കാട്ടി. ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബ്, ബാംഗ്ലൂർ, ഡൽഹി, ഹൈദരാബാദ്, മുംബൈ തുടങ്ങി ടീമുകൾക്കായി യുവരാജ് ജേഴ്‌സിയണിഞ്ഞിട്ടുണ്ട്.
2007 ൽ പ്രാഥമിക ട്വന്റി20 ലോകകപ്പിൽ ജേതാക്കളായ ടീമിലെയും, 2011ൽ 50 ഓവർ ലോകകപ്പ് നേടിയ ടീമിന്റെയും നട്ടെല്ലായിരുന്നു യുവരാജ്. ഇന്ത്യയ്ക്കായി 40 ടെസ്റ്റ് മത്സരങ്ങളിൽനിന്ന് 1900 റൺസും, 304 ഏകദിനങ്ങളിൽ നിന്ന് 8701 റൺസും, 58 ട്വന്റി20കളിൽ നിന്ന് 1177 റൺസും യുവരാജ് നേടി. ക്യാൻസർ എന്ന മഹാരോഗത്തെ തോൽപ്പിച്ച് ധീരോജ്വലമായ പോരാട്ടത്തിലൂടെ അത്ഭുതം കാട്ടിയ ആ മാന്ത്രികൻ എന്നും ഇന്ത്യൻ ടീമിന്റെ പ്രധാന കളിക്കാരൻ തന്നെയാണ്.